- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ചു കൊണ്ടു പോയ ആടിനെ കണ്ടെത്താനായില്ല; ഒൻപതാം ക്ലാസ്സുകാരിക്ക് മറ്റൊരു ആടിനെ സമ്മാനിച്ച് പൊലീസ്
തൊടുപുഴ: മോഷ്ടിച്ചു കൊണ്ടു പോയ ആടിനെ കണ്ടെത്താനാവാത്തതിനാൽ ഒൻപതാം ക്ലാസ്സുകാരിക്ക് മറ്റൊരു ആടിനെ സമ്മാനിച്ച് പൊലീസ് താരമായി. ആടിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റിന്റെ 'ചിരി'യിലേക്കു വിളിച്ച ഗായത്രി എന്ന കുട്ടിക്കാണ് പൊലീസ് പകരം മറ്റൊരു ആടിനെ സമ്മാനമായി നൽകിയത്. ചിരിയിലേക്ക് കരഞ്ഞുകൊണ്ടാണ് ഒൻപതാംക്ലാസുകാരി ഗായത്രി വിളിച്ചത്. തന്റെ ജീവനായ മണിക്കുട്ടി എന്ന ആടിനെ ആരോ മോഷ്ടിച്ചു എന്നും എത്രയും വേഗം കള്ളനെ പിടിച്ച് മണിക്കുട്ടിയെ തിരികെത്തരണമെന്നുമായിരുന്നു ആവശ്യം.
ഉടൻ തന്നെ മണിക്കുട്ടിക്കായി പൊലീസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ 23 ദിവസം പിന്നിട്ടിട്ടും ആടിനെ കണ്ടെത്താനായില്ല. ഒടുവിൽ, മണിക്കുട്ടിക്കു പകരമാവില്ലെങ്കിലും ഇന്നലെ ഒരു ആട്ടിൻകുട്ടിയെ കിട്ടി ഗായത്രിക്ക് തൊടുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥർ സ്‌നേഹസമ്മാനമായി നൽകുക ആയിരുന്നു. അഞ്ചിരി ആനക്കയം പട്ടിയാർമറ്റത്തിൽ സുഗതന്റെയും റീനയുടെയും മകൾ ഗായത്രിക്കാണു പൊലീസ് ഉദ്യോഗസ്ഥർ ആടിനെ വാങ്ങി നൽകിയത്.
പുല്ലു തിന്നാനായി റോഡരികിൽ കെട്ടിയിട്ടിരുന്ന മണിക്കുട്ടി എന്ന ആടിനെ 23 ദിവസം മുൻപാണ് ആരോ മോഷ്ടിച്ചത്. രണ്ട് ദിവസം പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും ആടിനെ കണ്ടെത്താനായില്ല. അങ്ങനെയാണു സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റിന്റെ 'ചിരി' പദ്ധതിയിലേക്കു ഗായത്രി വിളിച്ചു വിവരം പറഞ്ഞത്. ഈ പരാതി അന്വേഷിക്കാൻ തൊടുപുഴ എസ്‌ഐ ബൈജു പി.ബാബുവും സംഘവും സ്ഥലത്തെത്തി. എന്നാൽ ആടിനെ കണ്ടെത്താനായില്ല. തുടർന്നാണു മറ്റൊരു ആടിനെ ഗായത്രിക്കു വാങ്ങിനൽകാൻ സിഐ സുധീർ മനോഹറും എസ്‌ഐ ബൈജു പി.ബാബുവും ചേർന്നു തീരുമാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സുനിൽ, സന്ദീപ് ദത്തൻ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത് തുടങ്ങിയവരും പങ്കാളികളായി.
കരിങ്കുന്നത്തു നിന്ന് നാലു മാസം പ്രായമായ ആട്ടിൻകുട്ടിയെ വാങ്ങി ഇന്നലെ ഗായത്രിക്കു വീട്ടിലെത്തിച്ചു നൽകി. മണിക്കുട്ടി എന്നു തന്നെയാണു ഗായത്രി പുതിയ കൂട്ടുകാരിയെയും വിളിക്കുന്നത്. ഇരുവരും നല്ല കൂട്ട് ആയിക്കഴിഞ്ഞു. യഥാർഥ മണിക്കുട്ടിയുടെ കള്ളനെ ഉടൻ പിടിക്കുമെന്നു തൊടുപുഴ പൊലീസ് ഉറപ്പിച്ചുപറയുന്നു.