കട്ടപ്പന: വനം വകുപ്പ് ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ വാച്ചർമാരടക്കം അഞ്ച് പേർ അറസ്റ്റിൽ. മരം മുറിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ വനം വകുപ്പ് ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിലാണ് അഞ്ച് പേർ അറസ്റ്റിലായത്. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പ്രതികൾക്കെതിരെ കേസ് എടുത്തു.

പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് വഞ്ചിവയലിൽ ജനുവരി 25നു നടന്ന സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളാണ് അറസ്റ്റിലായത്. സ്ഥിരം വാച്ചർമാരായ പുന്നയ്ക്കൽ സതീഷ് (39), വിഷ്ണുഭവനിൽ വിഷ്ണു (30), താൽക്കാലിക വാച്ചർമാരായ നെല്ലിക്കൽ അജയൻ (42), ഈട്ടിക്കുന്നേൽ ബിജു (32), പാലംമൂട്ടിൽ രഞ്ജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വനം വകുപ്പ് ഇന്റലിജൻസ് വിഭാഗം ബീറ്റ് ഫോറസ്റ്റ് ഓഫിസറായ സി.സുജിത്ത്, താൽക്കാലിക വാച്ചർമാരായ കാർത്തിക്, അലിയാർ എന്നിവർക്കൊപ്പം വള്ളക്കടവ് റേഞ്ചിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി മടങ്ങുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഇവരെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. വനത്തിനുള്ളിൽ ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ടു വിവാദം ഉണ്ടായിരുന്നതിനാൽ അതെക്കുറിച്ച് അന്വേഷിക്കാൻ എത്തിയതാണെന്ന ധാരണയിലായിരുന്നു മർദനം.

തിരിച്ചറിയൽ കാർഡ് വാങ്ങിയ ശേഷം വനം വകുപ്പ് ജീവനക്കാരാണെന്നു ബോധ്യപ്പെട്ട ശേഷവും മർദിച്ചു. മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മർദനം. സംഭവം വിവാദമായ ശേഷവും സംഘടനകളുടെയും മറ്റും ഇടപെടലിനു ശേഷമാണു കേസെടുത്തത്. തുടർനടപടി സ്വീകരിക്കുന്നതിൽ വീഴ്ച വന്നതോടെ സംഘടനകൾ സമരവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്നാണ് 8 മാസത്തിനു ശേഷം കട്ടപ്പന ഡിവൈഎസ്‌പി എൻ.സി.രാജ്‌മോഹന്റെ നേതൃത്വത്തിൽ പൊലീസ് പ്രതികളെ പിടികൂടിയത്.