തിരുവനന്തപുരം: കോവിഡ് ബാധിച്ച അതിഥിത്തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിപ്പിക്കാനുള്ള സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ. എല്ലാ കോവിഡ് ബാധിതർക്കും വിശ്രമം നിർബന്ധമാക്കിയിരിക്കുമ്പോഴാണ് അതിഥിത്തൊഴിലാളികളെ ആ പരിഗണനയിൽ നിന്ന് ഒഴിവാക്കിയത്. കോവിഡ് ബാധിച്ചാൽ 10 ദിവസത്തിനകം ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവാണെങ്കിലും 7 ദിവസം കൂടി ക്വാറന്റീനിൽ കഴിയണമെന്നാണു പ്രോട്ടോക്കോൾ. എന്നാൽ അതിഥി തൊഴിലാളികളെ സർക്കാർ ഈ പട്ടികയിൽ നിന്നും ഒഴിവാക്കി,

ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ ജോലിക്കു നിയോഗിക്കാമെന്നാണ് സർക്കാർ ഉത്തരവ്. ക്വാറന്റീൻ മാർഗനിർദേശങ്ങൾ കാരണം അടിസ്ഥാന സൗകര്യവികസന പദ്ധതികൾ വേഗത്തിലാക്കാൻ പറ്റുന്നില്ലെന്നു വ്യവസായ വകുപ്പ് അറിയിച്ചിരുന്നു. തുടർന്നാണു ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ ജോലിക്കു നിയോഗിക്കാമെന്നു പൊതുഭരണ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചത്. മറ്റുള്ളവർക്കു വൈറസ് പകരാതിരിക്കാൻ ഇവരെ ഒരുമിച്ചു ജോലി ചെയ്യിക്കണം. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിനു സമാനമായ സ്ഥലത്താണ് ഇവരെ പാർപ്പിക്കേണ്ടത്.

സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. ചെലവു കരാറുകാർ വഹിക്കണം. തൊഴിലാളികൾക്കു കോവിഡ് ബാധിച്ചാൽ വീണ്ടും പണം മുടക്കേണ്ടി വരുമെന്നു മനസ്സിലാക്കിയാണു കരാറുകാർ സർക്കാരിനെ സ്വാധീനിച്ച് ഉത്തരവ് ഇറക്കിയതെന്ന് ആരോപണമുണ്ട്.