മീപ ഭാവിയിലെങ്കിലും, കോവിഡ് 19 എന്ന മഹാമാരിയെ തടയുവാൻ വാക്സിനേക്കാൾ നല്ലതും ഫലപ്രദവും മാസ്‌കുകളാണെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ രംഗത്തെത്തി. ഇന്നലെ ഒരു സെനറ്റ് കമ്മിറ്റിക്ക് മുൻപിലാണ് ഡോ. റോബർട്ട് റെഡ്ഫീൽഡ് ഈ പ്രഖ്യാപനം നടത്തിയത്. മാസ്‌കുകൾ നൽകുന്ന സുരക്ഷ ഉറപ്പുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗകാരികൾ പകരുന്നത് തടയുവാൻ മാസ്‌ക് പ്രധാന പങ്ക് വഹിക്കുന്നു എന്ന കാര്യം വിവിധ പഠനങ്ങളിൽ തെളിഞ്ഞതാണ്. എന്നാൽ വാക്സിനുകൾ ഇപ്പോഴും പരീക്ഷണ ഘട്ടത്തിൽ മാത്രമാണ്. അവ എത്രത്തോളം ഫലപ്രദമാകുമെന്ന് പറയുവാൻ കഴിയില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ അമേരിക്കക്കാർക്കും സൗജന്യ വാക്സിൻ നൽകുന്ന ഒരു പദ്ധതി അവതരിപ്പിച്ചുകൊണ്ട് അദ്ദേഹവും സഹപ്രവർത്തകരും സമർപ്പിച്ച കത്തിൽ തന്നെയാണ് ഡോ. റെഡ് ഫീൽഡിന്റെ ഈ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, അടുത്ത വേനൽക്കാലം വരെയെങ്കിലും അത്രയും വ്യാപകമായ തോതിൽ വിതരണം ചെയ്യുവാനുള്ള വാക്സിൻ ലഭ്യമാകുവാനുള്ള സാധ്യതയില്ല. അതേസമയം, വാക്സിൻ ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ പുറത്തിറങ്ങുമെന്നാണ് ട്രംപ് പറയുന്നത്. നവംബർ 3 ലെ തെരഞ്ഞെടുപ്പിനു മുൻപായി എഫ് ഡി എ അതിന് അംഗീകാരം നൽകുമെന്നും ട്രംപ് പ്രത്യാശിക്കുന്നു.

2021 ജനുവരിക്ക് മുൻപായി എല്ലാ അമേരിക്കക്കാർക്കും സൗജന്യ വാക്സിൻ നൽകുന്നതിനുള്ള പദ്ധതിയായിരുന്നു ഡോ. റെഡ്ഫീൽഡും സഹപ്രവർത്തകരും മുന്നോട്ട് വച്ചത്. അത് സാധ്യമായ ഒന്നാണെങ്കിലും നടക്കാൻ ഇടയില്ല എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. അതിനിടെ വാക്സിൻ വികസനത്തിൽ രാഷ്ട്രീയം കലർത്തി, തെരഞ്ഞെടുപ്പിനു മുൻപ് ട്രംപിന് സഹായം ചെയ്തുകൊടുക്കുകയാണ് സി ഡി സി എന്നൊരു ആരോപണവും ഉയരുന്നുണ്ടായിരുന്നു.എന്നാൽ, ഇതിൽ രാഷ്ട്രീയം തീരെയില്ലെന്നും സമയപരിധി നിശ്ചയിച്ചത് സി ഡി സിയിലെ വിദഗ്ദരാണെന്നുമായിരുന്നു ഡോ. റെഡ്ഫീൽഡ് നൽകിയ മറുപടി.

തുടർന്നാണ് ഇതുവരെ പരീക്ഷിച്ച് തെളിഞ്ഞിട്ടില്ലാത്ത വാക്സിനേക്കാൾ, നിലവിൽ രോഗവ്യാപനം തടയുവാൻ എന്തുകൊണ്ടും മെച്ചം മാസ്‌കുകളാണെന്ന് അദ്ദേഹം പറഞ്ഞത്. അതേസമയം ചില ആശയക്കുഴപ്പങ്ങൾ മൂലമാണ് വാക്സിൻ അടുത്തവർഷം രണ്ടാം പകുതിക്ക് മുൻപായി വാക്സിൻ വ്യാപകമായ തോതിൽ ലഭ്യമാകില്ലെന്ന് റെഡ്ഫീൽഡ് കോൺഗ്രസ്സിനു മുന്നിൽ പറഞ്ഞതെന്നാണ് ട്രംപ് പറയുന്നത്. അതുപോലെ മാസ്‌കുകളാണ് രോഗബാധ തടയുവാൻ നല്ലതെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഒരു തെറ്റിദ്ധാരണയുടെ പുറത്താണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

മാസ്‌ക് ഒരിക്കലും വാക്സിനേക്കാൾ മെച്ചപ്പെട്ടതല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ട്രംപ് പക്ഷെ തനിക്കിപ്പോഴും റെഡ്ഫീൽഡിൽ വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേർത്തു. കോൺഗ്രസ്സിനു മുന്നിൽ വിശദീകരിക്കാൻ എത്തിയപ്പോൾ, ഉയർന്ന ഒരു ചോദ്യം അദ്ദേഹം തെറ്റിദ്ധരിച്ചതാകാനാണ് സാധ്യതയെന്നും ട്രംപ് പറഞ്ഞു.