ന്യൂഡൽഹി: പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളെ നിയന്ത്രിക്കുന്നതിന് മുമ്പ് ഡിജിറ്റൽ മീഡിയയെ ആണ് നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം. വാട്സാപ്പ്, ട്വിറ്റർ, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റൽ മീഡിയ വാർത്തകൾ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളിൽ എത്തുന്നു എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സിവിൽ സർവീസിലേക്ക് മുസ്ലിങ്ങൾ കൂടുതലായി എത്തുന്നത് യു.പി.എസ്.സി. ജിഹാദ് ആണെന്ന് ആരോപിച്ച് സുദർശൻ ടി.വി സംപ്രേഷണം ചെയ്യുന്ന വാർത്താധിഷ്ഠിത പരിപാടിക്ക് എതിരായ ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തത്. മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ മാർഗ്ഗരേഖ ആവശ്യം ഇല്ല എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സിവിൽ സർവ്വീസ് പരിശീലത്തിന് സക്കാത്ത് ഫൗണ്ടേഷന്റെ ഫണ്ട് ലഭിച്ചതുകൊണ്ടാണ് യുപിഎസ്‌സി ജിഹാദ് എന്ന് പരിപാടിക്ക് തലക്കെട്ട് നൽകിയത് എന്ന് സുദർശൻ ടി വി സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.

സകാത്ത് ഫൗണ്ടേഷന് ഫണ്ട് നൽകിയവരിൽ ചിലർക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട്. ഈ ഫണ്ട് ആണ് സിവിൽ സർവീസ് പരിശീലനത്തിനായി ഉപയോഗിക്കുന്നതെന്നും സുദർശൻ ടി വി എക്സിക്യുട്ടീവ് എഡിറ്റർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. സുദർശൻ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന 'ബിന്ദാസ് ബോൽ' എന്ന ഷോ പ്രാഥമിക പരിശോധനയിൽ മുസ്ലിം സമുദായത്തിൽ പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്ന് വിലയിരുത്തികൊണ്ട് സംപ്രേഷണം താത്കാലികമായി സുപ്രീം കോടതി വിലക്കിയിരുന്നു.

മുസ്ലിം സമുദായത്തിൽ പെട്ടവർ സിവിൽ സർവീസിലേക്ക് നുഴഞ്ഞു കയറുന്നു എന്ന് ആരെയും പറയാൻ അനുവദിക്കാൻ സുപ്രീം കോടതിക്ക് കഴിയില്ല എന്ന് ജസ്റ്റിസ് മാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചിരുന്നപ്പോൾ വ്യക്തമാക്കിയിരുന്നു.