ബീജിങ്: ആഗോള കുത്തക കമ്പനികൾ ചൈനയിലെ പ്ലാന്റുകളിലെ ഉത്പാദനം നിർത്തുന്നതായി റിപ്പോർട്ട്. അമേരിക്കയുമായുള്ള വ്യാപാര തർക്കം, ഉത്പാദന ചെലവിലെ വർദ്ധനവ് എന്നിവ കാരണമാണ് കമ്പനികൾ ചൈനയിൽ നിന്ന് പിന്മാറുന്നത്. ചൈനയെ സംബന്ധിച്ച് പ്രതിസന്ധിക്കിടെ വൻതോതിലുള്ള വിദേശനിക്ഷേപമാണ് നഷ്ടപ്പെടുന്നത്.

അമേരിക്കയിൽ ട്രംപ് സർക്കാർ കഴിഞ്ഞ ദിവസം സർക്കാർ അഞ്ച് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നു. ഇതിൽ കമ്പ്യൂട്ടർ ഉപകരണങ്ങളും, പഞ്ഞിയും മുടി അനുബന്ധ ഉത്പന്നങ്ങളും ഉൾപ്പെടുന്നു. സിൻജിയാംഗ് പ്രവിശ്യയിൽ നിർബന്ധിത തൊഴിലിന് ഉയ്ഗൂർ മുസ്ലിംങ്ങളെ വിധേയരാക്കുന്നുവെന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു അമേരിക്കയുടെ നടപടി.

ഈ സാഹചര്യത്തിൽ ഇതിനെ സുവർണാവസരമായി കണ്ട് മുന്നോട്ട് പോവുകയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ. വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ മുൻനിരയിലുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ അമേരിക്കയും ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ പതിറ്റാണ്ടിലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ജെ.പി മോർഗൻ അടക്കമുള്ള ചില അമേരിക്കൻ കമ്പനികൾ ചൈനയിൽ നിക്ഷേപവുമായി മുന്നോട്ട് പോകുന്നുമുണ്ട്.