- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മ് മ് മ് ' എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ
ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'മ് മ് മ് ' എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സൂപ്പർ താരം ജയസൂര്യ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര പശ്ചാത്തലത്തിലുള്ള ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്‌ബോൾ താരം ഐ എം വിജയനാണ്. അഭിനയ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു പ്രത്യേക ഗെറ്റപ്പിലുള്ള വേഷമാണ് ഐ എം വിജയനു വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വിജീഷ് മണി പറഞ്ഞു. അയ്യപ്പനും കോശിയും എന്ന ഒരു ചിത്രം കൊണ്ട് തന്നെ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന നഞ്ചിയമ്മയാണ് ഈ ചിത്രത്തിലെ നാടൻ ശൈലിയിലുള്ള ഗാനങ്ങൾ എഴുതി പാടിയിരിക്കുന്നത്. ജുബൈർ മുഹമ്മദ് ആണ് സംഗീത സംവിധായകൻ. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ 'എഡൻ മൊള്ളയും , ഈ ചിത്രത്തിനു വേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.
ഗ്രാമി അവാർഡ് ജേതാക്കളായ കലാകാരന്മാർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന എഡനിന്റെ സംഗീതം, ന്യൂയോർക്കിലെ ബ്രൂക്ലിൻ മാരത്തൺ, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എഡോണിന്റെ ആദ്യ ആൽബം ''അലോൺ'' 4 മാസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളിൽ എത്തിയിരുന്നു . ആദ്യമായാണ് എഡൻ ഒരു വിദേശ ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട എഡൻ, സിനിമയുടെ ഭാഗമാകാൻ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു.
മെയ് മാസത്തിൽ വിദേശരാജ്യങ്ങളിൽ വച്ച് ആദ്യ ഷെഡ്യൂളുകൾ ചിത്രീകരിക്കുവാൻ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ലൊക്കേഷനുകൾ മാറ്റുകയായിരുന്നു . ആഗോള വേദികൾ ലക്ഷ്യമിട്ട് വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പിന്നണിയിൽ നിരവധി വിദേശ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട് . ജുൺ അഞ്ച് പരിസ്ഥിതി ദിനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകൾക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം. ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങൾക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മഹാമാരികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതൽ ശക്തമാവുമെന്നും അണിയറക്കാർ അവകാശപെടുന്നു.
അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള കലാക്കാരന്മാരും ഭാഗമാവുമെന്ന് സംവിധായകൻ പറഞ്ഞു. ഡാം999 പോലൊരു അന്തർദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹൻ റോയ്‌ക്കൊപ്പം സിനിമ ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോർഡ്, ഏറ്റവും വേഗത്തിൽ തിരക്കഥ എഴുതി തിയ്യറ്റർ പ്രദർശിപ്പിച്ച് ഗിന്നസ് റെക്കോർഡ്, ഈ വർഷത്തെ ഇന്ത്യൻ പനോരമ, നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് ഇദ്ദേഹം.
ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും കവിയുമായ ഡോ. സോഹൻ റോയ്, നിർമ്മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി അന്താരാഷ്ട്ര ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഗിന്നസ് റിക്കോർഡ് അടക്കം ഒട്ടനവധി അന്തർദ്ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.