ഖത്തറിൽ ശൈത്യകാല പച്ചക്കറി ചന്തകൾ ഇന്നു തുറക്കും. കോവിഡ് വ്യവസ്ഥകൾ പാലിച്ച് 150 പ്രാദേശിക ഫാമുകൾ ഇത്തവണ പങ്കെടുക്കുക. അൽ മസ്രുഅ, അൽ വക്ര, അൽഖോർ-അൽ ദഖീറ, അൽ ഷിഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിലായി അഞ്ചു ചന്തകളാണു തുറക്കുന്നത്.

ഇടനിലക്കാരില്ലാതെ കർഷകർ നേരിട്ടാണ് വിൽപന നടത്തുന്നത് എന്നതാണ് ചന്തകളുടെ പ്രത്യേകത. കോവിഡ് അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്തെറാസിൽ ആരോഗ്യനില സൂചിപ്പിക്കുന്ന പ്രൊഫൈൽ നിറം പച്ചയെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.

തക്കാളി, കക്കിരി, സുച്ചിനി, വഴുതനങ്ങ, മത്തങ്ങ, തണ്ണിമത്തൻ തുടങ്ങി വ്യത്യസ്ത ഇനം പച്ചക്കറികൾ, പഴങ്ങൾ, തേൻ, ഈന്തപ്പഴം തുടങ്ങിയ പ്രാദേശിക ഉൽപന്നങ്ങളെല്ലാം ചന്തകളിൽ ലഭിക്കും. കഴിഞ്ഞ സീസണിൽ 16,000 ടൺ പച്ചക്കറിയാണ് അഞ്ചിടങ്ങളിലായി വിറ്റഴിച്ചത്. വ്യാഴം മുതൽ ശനി വരെ രാവിലെ 7.00 മുതൽ വൈകിട്ട് 4.00 വരെയാണ് പ്രവർത്തനം.