അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു. 92 വയസ്സായിരുന്നു. ഗുജറാത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഒട്ടേറെ നേതാക്കളുടെ വഴികാട്ടിയുമായിരുന്നു. അടുത്തിടെ കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയിരുന്നു. വാർദ്ധക്്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.

ഒരു വട്ടം എംപിയും 6 തവണ എംഎൽഎയുമായിരുന്ന പട്ടേൽ 1995ലും 1998ലും മുഖ്യമന്ത്രിയായി. രണ്ട് തവണ മുഖ്യമന്ത്രി പദത്തിലെത്തിയപ്പോഴും പാർട്ടിയിലെ പ്രശ്‌നങ്ങൾ കാരണം കാലാവധി പൂർത്തിയാക്കാനായില്ല. ആയിരങ്ങൾ മരിച്ച 1998ലെ ചുഴലിക്കാറ്റ്, 2001ലെ കച്ച് ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഇക്കാലത്തായിരുന്നു. പട്ടേലിനു ശേഷമാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്.

2012ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് 2014ൽ ബിജെപിയിൽ തിരിച്ചെത്തി. സോമനാഥ ക്ഷേത്ര ഭരണ ട്രസ്റ്റ് അധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചിച്ചു.