- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
23,000 രോഗികളും 280 മരണവുമായി ഒരു ഭയാനക ദിവസം കൂടി; ലീഡ്സും വെസ്റ്റ് യോർക്ക്ഷയറും ടയർ-3 ലോക്ക്ഡൗണിലേക്കും 16 ടൗണുകൾ ടയർ-2 ലോക്ക്ഡൗണിലേക്കും; സമ്പൂർണ്ണ ലോക്ക്ഡൗണിലേക്കുള്ള ബ്രിട്ടന്റെ ദൂരം അടുത്തു വരുന്നു; രണ്ടു ദിവസത്തിനകം ലണ്ടൻ 3- ടയറിലേക്ക്
കൊറോണാ വ്യാപനം കൂടുതൽ ശക്തമായതോടെ കൂടുതൽ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വ്യാപിക്കുകയാണ്. വരുന്ന ഞായറാഴ്‌ച്ച അർദ്ധരാത്രിയോടെ വെസ്റ്റ് യോർക്ക്ഷയർ ടയർ 3 ലോക്ക്ഡൗണിലേക്ക് നീങ്ങും.ലീഡ്സ്, ബ്രാഡ്ഫോർഡ്, കാൽഡെർഡെയ്ൽ, വേയ്ക്ക്ഫീൽഡ് കിർക്ലീസ് എന്നിവിടങ്ങളിലെ ജനങ്ങൾ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയരാവുകയാണ്. ഇതനുസരിച്ച് കാസിനോകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ, ഭക്ഷണം വിളമ്പാത്ത ബാറുകൾ, പബ്ബുകൾ എന്നിവ അടച്ചിടേണ്ടതായി വരും.
വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർ വാതിപ്പുറ ഇടങ്ങളിലോ അകത്തോ ഒത്തു ചേരുന്നതും നിരോധിച്ചിരിക്കുകയാണ്. ടയർ-3 ലോക്ക്ഡൗൺ നിലവിൽ വരുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ബാദ്ധ്യതകൾ പരിഹരിക്കുന്നതിനായി 46.6 മില്ല്യൺ പൗണ്ടിന്റെ അധിക പാക്കേജിന് സർക്കാരുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ലീഡ്സ് സിറ്റി കൗൺസിൽ ചീഫ് എക്സിക്യുട്ടീവ് അറിയിച്ചു. ടയർ-2 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നൽകിയ പാക്കിജേനു പുറമേയാണിത്. ഇതുകൂടാതെ ടെസ്റ്റ് ആൻഡ് ട്രേസിങ് സംവിധാനം വിപുലപ്പെടുത്തുന്നതിനായി 12.7 മില്ല്യൺ കൂടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബ്രാഡ്ഫോർഡ് കൗൺസിൽ പറയുന്നത് സർക്കാർ സഹായം മതിയാകില്ലെന്നാണ്. ഇതോടൊപ്പം മറ്റ് 16 ലോക്കൽ അഥോറിറ്റി മേഖലകളിൽ ടയർ-2 ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. എന്നാൽ, ഇതുകൊണ്ടൊന്നും രോഗവ്യാപനം തടയാൻ കഴിയില്ലെന്ന നിലപാടിലാണ് ശാസ്തോപദേശക സമിതി. കൂടുതൽ കർശന നിയന്ത്രണങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഇന്നലെ 23,065 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 280 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്‌ച്ചയോടെ ഇംഗ്ലണ്ടിനെ പകുതിയിലധികം ഭാഗങ്ങളും കർശന നിയന്ത്രണത്തിൻ കീഴിലാകും. അതായത് താമസിയാതെ മറ്റൊരു ദേശീയ ലോക്ക്ഡൗൺ പ്രതീക്ഷിക്കാം എന്നർത്ഥം. ഏതായാലും അധികം താമസിയാതെ ലണ്ടനിൽ 3 ടയർ ലോക്ക്ഡൗൺ വരും എന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. നിലവിൽ രാജ്യത്തിലെ മൊത്തംജനസംഖ്യയുടെ ഏകദേശം 60 ശതമാനം പേരും കർശനമായ ലോക്ക്ഡൗണിലാണ്.
ഓക്സ്ഫോർഡ്, ല്യുട്ടൻ, ഈസ്റ്റ് റൈഡിങ് ഓഫ് യോർക്ക്ഷയർ, കിങ്സ്റ്റൺ, ഡെർബിഷയർ ഡെയ്ൽസ് എന്നീ മേഖലകൾ ഇന്ന് അർദ്ധരാത്രിയോടെ ടയർ-2 ലോക്ക്ഡൗണിലേക്ക് നീങ്ങും. സ്‌കോട്ടലാൻഡിലും നോർത്തേൺ അയർലാൻഡിലും, വെയിൽസിലും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതോടെ മൊത്തം ബ്രിട്ടന്റെ അഞ്ചിൽ മൂന്നു ഭാഗവും ഇപ്പോൾ ലോക്ക്ഡൗണിന് കീഴിലായി. രോഗവ്യാപനത്തിന്റെ വേഗതയും വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ, അധികം വൈകാതെത്തന്നെ ഈ പ്രാദേശിക ലോക്ക്ഡൗൺ രാജ്യം മുഴുവനുമായി മാറുവാനുള്ള സാധ്യത ഏറെയാണ്.