ഹൂദർക്കെതിരെയുള്ള വംശീയാധിഷ്ഠിധ നിലപാട് സ്ഥിരീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നതോടെ ബ്രിട്ടനിലെ ലേബർ പാർട്ടിയിൽ ഉൾപ്പോര് തുടങ്ങി. മുൻ ലേബർ നേതാവ് ജെറെമി കോർബിന്റെ കാലത്ത് ഇത്തരത്തിൽ വംശീയ നിലപാട് കൈക്കൊണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് അദ്ദെഹത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മിതവാദിയായ സർ കീർ സ്റ്റാർമറുടെ നേതൃത്വത്തിലാണ് ജെറെമിക്കെതിരെയുള്ള പടനീക്കം. തീവ്ര ഇടതുപക്ഷ നേതാക്കളായ ബാരൺ ലെൻ മെക്ക്‌ലസ്‌കി, മുൻ ഷാഡോ ചാൻസലർ ജോൺ മെക് ഡോണെൽ ഡയാന അബോട്ട് എന്നിവർ ജെറെമി കോർബിന് പിന്തുണ പ്രഖ്യാപിച്ച് കൂടെയുണ്ട്.

മെയിൽ ഓൺലൈൻ എന്ന പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ, വിപരീതാർത്ഥത്തിൽ പദങ്ങളുപയോഗിക്കുന്ന ഇംഗ്ലീഷ ഭാഷാശൈലി ബ്രിട്ടീഷ് യഹൂദന്മാർക്ക് മനസ്സിലാകുകയില്ല എന്ന് പറഞ്ഞതിനെ തുടർന്ന് നേരത്തേ കോർബിനെ പാർട്ടി വിപ്പ് സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. പാർട്ടിയിൽ കർശനമായി പാലിച്ചുവരുന്ന സമത്വം എന്ന ആശയത്തിന് വിരുദ്ധമാണ് കോർബിന്റെ നിലപാട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.

കോർബിന്റെ യഹൂദ വിരുദ്ധ നിലപാടുകൾ പാർട്ടിക്ക് അകത്തും പുറത്തുമുള്ള ശത്രുക്കൾ മുതലെടുത്തു എന്നാണ് പാർട്ടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ പേരിലാണ് ഇപ്പോൾ കോർബിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സ്റ്റാർമറുടെ ഈ അഭിപ്രായമാണ് പാർട്ടി ജനറൽ സെക്രട്ടറി ഡേവിഡ് ഇവാൻസിനെ കോർബിന്റെ സസ്പെൻഡ് ചെയ്യാൻ പ്രേരിപ്പിച്ചത്. എന്നാൽ, ബുധനാഴ്‌ച്ച രാത്രി സ്റ്റാർമർ, കോർബിനെ വിളിച്ച് നടപടികൾ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, വീണ്ടും യഹൂദവിരുദ്ധമെന്നു തോന്നുന്ന പ്രസ്താവന ഇറക്കിയതിനു പിന്നാലെ കോർബിനെ സസ്പെൻഡ് ചെയ്യുവാൻ പാർട്ടി നേതൃത്വം നിർബന്ധിതമാവുകയായിരുന്നു. അഭിമുഖത്തിൽ വിവാദ പ്രസ്താവന വന്ന ഉടനെ പാർട്ടിയുടെ ഉപനേതാവ് ഏയ്ഞ്ചല റേയ്നർ, കോർബിനേയും സംഘത്തെയും വിളിച്ച് ഉടനെ പ്രസ്താവനയിൽ ഖേദം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. അതിനെ കുറിച്ച് വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. എന്നാൽ, കോർബിൻ അതിന് തയ്യാറായില്ല. തുടർന്നായിരുന്നു സസ്പെൻഷൻ.

സസ്പെൻഷൻ നടപടിയെ പാർട്ടിയിലെ മിതവാദികൾ സ്വാഗതം ചെയ്തു. എന്നാൽ, ഈ നടപടി ഇപ്പോൾ പാർട്ടിക്കുള്ളിൽ ഒരു അഭ്യന്തരകലഹത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ഇത് കടുത്ത അനീതിയാണ് എന്നാണ് കോർബിൻ പക്ഷം വാദിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. സസ്പെൻഷൻ നടപടിക്കെതിരെ പോരാടാൻ തന്നെയാണ് കോർബിൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അദ്ദേഹത്തിന്റെ കൂടെയുള്ള എം പിമാർ രാജിവയ്ക്കാനും സാധ്യതയുണ്ട്.

യഹൂദവിരുദ്ധതയ്ക്ക് എതിരായി നിൽക്കുന്നവർ, കോർബിനും കൂട്ടർക്കും എതിരെയുള്ള തങ്ങളുടെ ആരോപണങ്ങളിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഡയാന അബോട്ട്, റിച്ചാർഡ് ബർഗൺ, റെബെക്ക ലോംഗ് ബെയ്ലി, ഏയ്ഞ്ചെല റെയ്നർ എന്നിവർക്കെതിരേയും അന്വേഷണം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവ് ഗവ് നടത്തിയ അഭിപ്രായ സർവ്വേയിൽ 58 ശതമാനം പേർ കോർബിനെതിരെയുള്ള സസ്പെൻഷനെ അനുകൂലിക്കുകയായിരുന്നു. 13 ശതമാനം പേർ മാത്രമാണ് ഇത് തെറ്റായ നടപടിയായിപ്പോയി എന്ന് പറഞ്ഞിരിക്കുന്നത്.

അതേസമയം ലേബർ പാർട്ടിയിലെ പല പ്രമുഖ നേതാക്കളും കോർബിന്റെ സസ്പെൻഷൻ തെറ്റായ നടപടിയായി എന്ന അഭിപ്രായമുള്ളവരാണ്. മുൻ ഷാഡോ ചാൻസലർ ജോൺ മെക് ഡോനൽ, മുൻ ഷാഡോ ഹോം സെക്രട്ടറി ഡയാന അബോട്ട് തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. എന്നാൽ, പ്രതിഷേധിക്കുന്നവർ ഒരുകാരണവശാലും പാർട്ടി വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലീഡർ ഓഫ് യുണൈറ്റ് ലെൻ മെക്ക്‌ലസ്‌കി രംഗത്തെത്തി.

ഏതായാലും ഇതോടെ പാർട്ടിക്കുള്ളിലെ മിതവാദികളും തീവ്ര ഇടതുപക്ഷക്കാരും തമ്മിലുള്ള അകലം വർദ്ധിച്ചിരിക്കുകയാണ്. ഇതുവരെ, പാർട്ടിക്കുള്ളിൽ ഒതുങ്ങിയിരുന്ന ഗ്രൂപ്പ് പോര് ഇപ്പോൾ മറനീക്കി പുറത്തുവന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. അത് ഇനിയും മൂർഛിക്കും എന്നുതന്നെയാണ് സൂചന. സസ്പെൻഷനിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ തയ്യാറായ തന്റെ അനുയായികളോട് പാർട്ടിയിൽ തുടർന്ന് ഇടതുപക്ഷ ആശയങ്ങൾക്കായി പൊരുതാനാണ് കോർബിൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

പാർട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും ഒരുവിധത്തിലുള്ള വംശീയ വിവേചനവും പാർട്ടിക്കുള്ളിൽ അനുവദിക്കാൻ പറ്റില്ല എന്നതാണ് സർ കീർ സ്റ്റാർമറുടെ നിലപാട്. യഹൂദവിരുദ്ധതയ്ക്കെതിരെ തീരെ സഹിഷ്ണുത ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.