- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
600 മൈൽ ദൂരം വരെ സഞ്ചരിക്കാൻ കഴിയുന്ന പറക്കും കാറുകൾ; സ്ലോവാക്യയിൽ രണ്ടാം വട്ട പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ കാറുകളിൽ മണിക്കൂറിൽ 124 മൈൽ വേഗതയിൽ സഞ്ചരിക്കാം; റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിൽ പറക്കാൻ സഹായകരമാം വിധം രൂപമാറ്റം വരുത്തുന്നതിന് വേണ്ടത് മൂന്നു മിനിറ്റ് മാത്രം; ജെയിംസ്ബോണ്ട് സിനിമകളിലെ പറക്കും കാർ യാഥാർത്ഥ്യമാകുന്നു
റോഡിലൂടെ അതിവേഗം പായുന്നതിനിടയിൽ പെട്ടെന്ന് രൂപം മാറ്റി ആകാശത്തേക്ക് പറന്നുയരുന്ന കാറുകൾ നമ്മൾ ഏറെ കണ്ടിട്ടുള്ളത് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ്. അത്തരത്തിലൊരു വാഹനം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. നിരത്തിലൂടെ അതിവേഗം നീങ്ങി രൂപമാറ്റം വരുത്തി സ്ലോവാക്യയുടെ ആകാശത്തെക്ക് കുതിച്ചുയരാൻ ഇതിനെടുത്തത് വെറും മൂന്ന് മിനിറ്റ് മാത്രം. 1,500 അടി ഉയരത്തിൽ വരെ ഇത് പറന്നുയർന്നു എന്നാണ് ഇത് വികസിപ്പിച്ചെടുത്തവർ അവകാശപ്പെടുന്നത്.
സ്ലോവാക്യൻ കമ്പനിയായ ക്ലീൻ വിഷൻ വികസിപ്പിച്ചെടുത്ത ഈ പറക്കും കാർ റൺവേയിലൂടെ അതിവേഗം സഞ്ചരിച്ച്, ചിറകുകൾ വിടർത്താനായി ഒന്നു നിൽക്കുന്നു. പിന്നെ, അതിവേഗം ആകാശത്തിലേക്ക് കുതിച്ചുയരുന്നു. ഈ വാഹനത്തിന്റെ അഞ്ചാമത്തെ പ്രോട്ടോടൈപ്പിന്റെ പരീക്ഷണമാണ് ഇപ്പോൾ കഴിഞ്ഞത്. വിനോദത്തിനും, യാത്രകൾക്കും, വാണിജ്യാടിസ്ഥാനത്തിൽ ടാക്സി സർവ്വീസായും ഇത് ഉപയോഗിക്കാം എന്നാണ് വാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
ഒറ്റയടിക്ക് 620 മൈൽ വരെ സഞ്ചരിക്കാൻ കഴിയുന്ന ഈ ഭാവിയുടെ വാഹനം അടുത്തവർഷം മുതൽ നിരത്തുകളിലും ആകാശത്തും ദൃശ്യമാകും. എന്നാൽ, ഇതിന്റെ വില എത്രയാകുമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്ലോവാക്യയിലെ പീസ്റ്റനി എയർപോർട്ടിൽ, 1500 അടി ഉയരത്തിൽ രണ്ട് പരീക്ഷണ പറക്കലുകൾ ഇത് നടത്തി എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പ്രൊഫസർ സ്റ്റെഫാൻ ക്ലീൻ രൂപകല്പന ചെയ്ത ഈ വാഹനം ഇതുവരെ രണ്ടുതവണ സുരക്ഷിതമായി പറന്നുയരുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്.
കാറുകൾക്ക് ഭാരം കൂടുതലായിരിക്കും അതേസമയം വിമാനങ്ങൾക്ക് ഭാരം താരതമ്യേന കുറവും. ഇത് രണ്ടും സമന്വയിപ്പിച്ച് കൊണ്ടുപോവുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്നാണ് പ്രൊഫസർ ക്ലീൻ പറഞ്ഞത്. ഇപ്പോൾ പരീക്ഷണ പറക്കൽ നടത്തിയ, രണ്ടുപേർക്ക് ഇരിക്കാവുന്ന വാഹനത്തിന് ഏകദേശം 1 ടൺ ഭാരമുണ്ട്. 200 കിലോയിൽ അധിക ഭാരം അതിന് വഹിക്കാനും കഴിയും. ആകാശത്തേക്ക് പറന്നുയരുന്നതിന് കുറഞ്ഞത് 984 അടി ദൂരം നിരത്തിലൂടെ ഓടണം. ആകാശത്തേക്ക് ഉയർന്നാൽ മണിക്കൂറിൽ 124 മൈൽ വേഗത വരെ ഇതിന് കൈവരിക്കാൻ സാധിക്കും.
പുറകിൽ ഒരു പ്രൊപ്പല്ലറാണ് ഇതിനുള്ളത്. വാഹനം നിരത്തിലൂടെ ഓടുമ്പോൾ ചിറകുകൾ അകത്തേക്ക് മടക്കിവയ്ക്കാൻ കഴിയും. ഒരു സാധാരണ കാർ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പാർക്ക് ചെയ്യാനും കഴിയും. ഡ്രൈവർക്കും യാത്രക്കാരനും ഇരിക്കാൻ കഴിയുന്ന കോക്ക്പിറ്റിൽ സൗകര്യപ്രദമായി ഇരിക്കാൻ ആവുന്നത്ര സ്ഥലമുണ്ട്.
ഏതൊരു പൈലറ്റിനും, പ്രത്യേക പരിശീലനമൊന്നുമില്ലാതെ തന്നെ പറപ്പിക്കാവുന്ന വിധത്തിലാണ് ഇത് രൂപ കല്പന ചെയ്തിരിക്കുന്നത് എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ