ന്യൂഡൽഹി: എല്ലാത്തരം ഊർജ്ജ രൂപങ്ങളുടെയും ഉൽപ്പാദനം വർദ്ധിപ്പിച്ചുകൊണ്ട് പുരോഗതി നേടാൻ ഉള്ള ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ, ആഗോള ഊർജ വ്യവസായ കമ്പനികളെയും വിദഗ്ധരെയും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ക്ഷണിച്ചു. ഇന്നലെ വൈകിട്ട്, സെറ വീക്ക് ഇന്ത്യ - എനർജി ഫോറത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഗവൺമെന്റ് ശ്രമങ്ങൾ, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യ എനർജി ഫോറത്തിന്റെ ഉദ്ഘാടനത്തിലൂടെ പ്രതിഫലിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡ് 19 മഹാമാരി ആഗോള ഊർജ്ജ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന അവസരത്തിൽ, ഇന്ത്യൻ ഊർജ്ജ പരിതസ്ഥിതിയിൽ പരിവർത്തനം വരുത്താൻ ഇത് സഹായകരമായതായും ധർമ്മേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു.

എണ്ണ, പ്രകൃതിവാതക മേഖലയിൽ ആഗോള കമ്പനികളിൽ നിന്നുള്ള നാല്പതോളം സിഇഒ മാരും ഇന്ത്യയിലെ പൊതു-സ്വകാര്യ കമ്പനികളുടെ സിഇഒ മാരും പരിപാടിയിൽ പങ്കെടുത്തു. 2017 ൽ സെറ വീക്ക് ആരംഭിച്ച ഇന്ത്യ എനർജി ഫോറം ഒരു വാർഷിക പരിപാടി ആയി മാറിയിട്ടുണ്ട്. ഇന്ത്യൻ ഊർജ്ജ മേഖല നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിന് ഊർജ്ജ മേഖലയിലെ ആഗോള നേതാക്കളെയും വിദഗ്ധരെയും ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.