- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്‌സോ കേസെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടും കേസെടുത്തില്ല: എ സി നേരിട്ട് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: യത്തീംഖാനയിൽ 11 വയസുള്ള പെൺകുട്ടിക്ക് പീഡനമുണ്ടായെന്ന പരാതിയിൽ ഡോക്ടർ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യാൻ വഞ്ചിയൂർ പൊലീസിന് നിർദ്ദേശം നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്ന പെൺകുട്ടിയുടെ അമ്മയുടെ പരാതി ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരാതിക്കാരി ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും നേരിട്ട് കേട്ടും രേഖകൾ പരിശോധിച്ചും അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ ആവശ്യപ്പെട്ടു. വട്ടപ്പാറ വേങ്കോട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരിയുടെ 11 വയസ്സുള്ള മകളെ വയറുവേദനയെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 29 ന് പേരൂർക്കട ആശുപത്രിയിലും തുടർന്ന് എസ് എ റ്റി ആശുപത്രിയിലും കാണിച്ചു. തുടർന്ന് പോക്‌സോ കേസെടുക്കാൻ ഗൈനക്കോളജിസ്റ്റ് ഡോക്ടർക്ക് നിർദ്ദേശം നൽകിയെന്ന് പരാതിയിൽ പറയുന്നു. തന്റെ അനുവാദമില്ലാതെ കുട്ടിയെ യത്തീംഖാനക്ക് കൈമാറിയ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും വള്ളക്കടവ് യത്തീഖാനക്കുമെതിരെ നടപടി വേണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. കമ്മീഷൻ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങി. യത്തീംഖാനയിലെ വാർഡനിൽ നിന്നാണ് കുട്ടിക്ക് ദേഹോപദ്രവം ഏറ്റത്. വനിതാ എസ് ഐ കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. ക്രൈം 346/2020 നമ്പറായി പൊലീസ് കേസെടുത്തിട്ടുമുണ്ട്. പരാതിക്കാരിയുടെ മകളെ വാർഡൻ ചൂരൽ കൊണ്ട് അടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എസ് എ റ്റി ആശുപത്രിയിൽ നിന്നുള്ള രേഖകൾ പരിശോധിച്ചതിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യാനുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ തന്റെ മകളുടെ മൊഴി എഫ് ഐ ആറിൽ രേഖപ്പെടുത്താതെ പൊലീസ് അട്ടിമറിച്ചതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. യത്തീംഖാനയിലെ മറ്റ് കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ശംഖുംമുഖം എ സി നേരിട്ട് നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചത്.