വെല്ലിങ്ടൺ: ന്യൂസിലാന്റിൽ ദയാവധം നിയമവിധേയമാക്കുന്നു. ഇന്ന് നടന്ന റഫറണ്ടത്തിൽ 65.2 ശതമാനം പേരും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് രാജ്യത്ത് ദയാവധം നിയമവിധേയമാകുവാൻ പോകുന്നത്.

ഇന്ന് നടന്ന റഫറണ്ടത്തിന്റെ ഫലം നവംബർ ആറാം തീയതിയാണ് ഔദ്യോഗികമായി പുറത്തുവിടുക. ഇതോടെ ന്യൂസിലാന്റിൽ ദയാവധം നിയമപരമാവുമെന്ന് ന്യൂസിലാന്റ് ഹെരാൾഡ് റിപ്പോർട്ട് ചെയ്തു.

ദയാവധത്തിന് രണ്ട് ഡോക്ടർമാരുടെ അനുമതിയാണ് നിയമം അനുശാസിക്കുന്നത്. മാത്രമല്ല, ദയാവധത്തിന് അപേക്ഷിക്കുന്നവർ 18വയസ്സു തികഞ്ഞവരും ന്യൂസിലാന്റിലെ പൗരനുമായിരിക്കണം.

വിദേശത്തുള്ള ന്യൂസിലാന്റ് പൗരന്മാരുടെ അടക്കം 500000 വോട്ടുകൾ ഇനിയും എണ്ണാൻ ശേഷിക്കുന്നുണ്ട്.

ഇതോടെ നെതർലാന്റ്, ബെൽജിയം, ലക്സംബർഗ്, വെസ്റ്റേൺ ആസ്ത്രേലിയ, കൊളംബോ, കാനഡ തുടങ്ങിയ ദയാവധം അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയുടെ ഭാഗമാവുകയാണ് ന്യൂസിലാന്റും.