പാരീസ്: ഇസ്ലാമിക ഭീകാരാക്രമണത്തിൽ ഫ്രാൻസ് വിറങ്ങലിച്ചു നിലക്കെ ഇന്നലെ നൈസ് നഗരത്തിലെ പള്ളിയിൽ ഉണ്ടായ കത്തിയാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ഖുറാനും മൂന്ന് കത്തിയുമായി എത്തിയ ജിഹാദി കണ്ണിൽ കണ്ടവരെ കുത്തുകയും മരിച്ചവരുടെ കഴുത്തറക്കുകയും ചെയ്യുകയായിരുന്നു. അതിനിടെ മരിച്ച ഒരു സ്ത്രീയുടെ വാക്കുൾ സോഷ്യൽ മീഡിയ വൈറൽ ആക്കുകയാണ്. 'എന്റെ കുഞ്ഞുങ്ങളെ ഞാൻ ഒരുപാട് സ്‌നേഹിച്ചിരുന്നെന്ന് അവരോട് പറയണം', ഫ്രാൻസിലെ ചർച്ചിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് യുവതി പറഞ്ഞ വാക്കുകളാണ് ഇത്. ഫ്രഞ്ച് ചാനലായ ബി.എഫ്.എം ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുവതിക്ക് ഐക്യദാർഡ്യവുമായി ഈ വാക്കുകൾ സ്റ്റാറ്റസ് ആക്കുകയാണ് ഫ്രഞ്ചുകാർ.

കത്തിയുമായി അക്രമി പള്ളിയിലേക്ക് ഇരച്ചുകയറുന്നത് കണ്ട് അടുത്തുള്ള റെസ്റ്റോറന്റിലേക്ക് ഓടിക്കയറാൻ ശ്രമിച്ച 44 കാരിയെ ഒന്നിലധികം തവണയാണ് അക്രമി കുത്തിപ്പരിക്കേൽപ്പിച്ചത്. പള്ളിയിൽ നിന്ന് പുറത്തെത്തിയെങ്കിലും അക്രമി പിറകെയോടി ഇവരെ കുത്തുകായിരുന്നെന്നാണ് റിപ്പോർട്ട്.

സംഭവത്തിന് പിന്നാലെ ഓടിയെത്തിയ സുരക്ഷാ ജീവനക്കാരോടായിരുന്നു യുവതി തന്റെ മക്കളെ കുറിച്ച് അവസാന വാക്കുകൾ പറഞ്ഞത്. പള്ളിക്കുള്ളിൽ വെച്ച് 60 വയസുള്ള ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം തലയറുക്കുകയും ഇതിന് ശേഷം പള്ളി ജീവനക്കാരനായ 55 കാരനെ കൊലപ്പെടുത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്തും മുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീലിയൻ സ്വദേശിയായ യുവതിയെ അക്രമിച്ചത്.

ടുണീഷ്യയിൽ നിന്നും ഫ്രാൻസിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഫ്രഞ്ച് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബ്രാഹിം അയ്സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയൻ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 20 നാണ് ഇയാൾ യൂറോപ്പിലെത്തിയത്. ഇറ്റലിയിൽ എത്തിയ ഇയാൾ പിന്നീട് ഫ്രാൻസിലേക്ക് കടക്കുകയായിരുന്നു.ഇയാളെപറ്റി അന്വേഷണം നടത്തുന്നുണ്ടെന്നാണ് ടുണീഷ്യൻ അധികൃതർ അറിയിച്ചത്. അതേസമയം ഈ പ്രതി ടുണീഷ്യയിലെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടാത്ത ആളാണെന്നാണ് ബി.ബി.സി റിപ്പോർട്ട്. കൊലപാതകം തീവ്രവാദ ആക്രമണമാണെന്നാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചത്.

ഖുർആനിന്റെ പകർപ്പും മൂന്ന് കത്തികളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്നാണ് അധികൃതർ പറഞ്ഞത്. പൊലീസ് വെടിവെച്ചപ്പോൾ ഇയാൾ അള്ളാഹു അക്‌ബർ എന്ന് വിളിച്ചതായും ഫ്രാൻസിലെ ആന്റി ടെറർ പ്രോസിക്യൂട്ടറായ ജീൻ ഫ്രാങ്കോയിസ് റിക്കാർഡ് പത്രസമ്മേളനത്തിൽ പറഞ്ഞു.രാവിലെ 9.00 മണിയോടെയായിരുന്നു ആക്രമണം നടന്നതെന്നും പള്ളിയിൽ നിന്നും വലിയ ശബ്ദം കേൾക്കുകയും ആളുകൾ ചിതറിയോടുന്നത് കണ്ടെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ഡാനിയൽ കൊനിൽ പറഞ്ഞു.ഒരു സ്ത്രീ നേരെ ഓടി വരുന്നുണ്ടായിരുന്നു. 'ഓടിക്കോ ഓടിക്കോ' എന്ന് അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു. പള്ളിക്കുള്ളിൽ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചെന്നും അവർ പറഞ്ഞു, അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്തുനിന്നും ലഭിച്ച ബാഗിൽ ഉപയോഗിക്കാത്ത രണ്ട് കത്തികൾ കണ്ടെത്തിയെന്നും ചീഫ് പ്രോസിക്യൂട്ടർ ജീൻ ഫ്രാങ്കോയിസ് റിക്കാർഡ് പറഞ്ഞിരുന്നു.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിലെ ചർച്ചുകൾക്കും സ്‌കൂളുകൾക്കും വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നാലു വർഷം മുമ്പ് ഇതേ നഗരത്തിലാണ് ഐ.എസിന്റെ ഭീകരാക്രമണം നടന്നത്. 2016 ൽ ഫ്രാൻസിന്റെ ദേശീയ ദിനമായ ജൂലൈ 14 ന് ആഘോഷം നടത്തുന്ന ആൾക്കൂട്ടത്തിലേക്ക് ഐ.എസ് അനുഭാവിയായ ഒരാൾ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 86 പേരാണ് ഈ ആക്രമണത്തിൽ മരിച്ചത്. 456 പേർക്ക് ആ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.

ഇതിനിടെ സൗദി അറേബ്യയിലെ ഫ്രാൻസ് കോൺസുലേറ്റിലേക്ക് ആക്രമണം നടന്നതും ഭീതി ഉയർത്തി. ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിലെ സുരക്ഷാ ജീവനക്കാരനാണ് കത്തിക്കുത്തിൽ പരിക്ക് പറ്റിയത്. ഇയാൾ നിലവിൽ ചികിത്സയിലാണെന്ന് ഫ്രാൻസ് എംബസി അറിയിച്ചു. സംഭവത്തിൽ സൗദി പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.