കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതി ബോറിസ് ജോൺസന്റെ ജനപ്രീതി ഇടിച്ചതായി സർവ്വേഫലം. കൺസർവേറ്റീവ് പാർട്ടിയേക്കാൾ അഞ്ച് പോയിന്റുകൾക്കാണ് ലേബർ പാർട്ടി ഈ അഭിപ്രായ വോട്ടെടുപ്പിൽ മുന്നിൽ നിൽക്കുന്നത്. വടക്കൻ ഇംഗ്ലണ്ടിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നതും സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ഫുട്ബോൾ താരം മാർക്കസ് റാഷ്ഫോർഡുമായി ഉണ്ടാക്കിയ വിവാദവുമെല്ലാം കീർസ്റ്റാർമറുടെ ലേബർ പാർട്ടിക്ക് ഗുണം ചെയ്തതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇപ്സോസ് മോറി അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടിയുടെ ജനസമ്മതി 5 ശതമാനം വർദ്ധിച്ച് 42 ആയപ്പോൾ, കണസർവേറ്റീവ് പാർട്ടിയുടേത് 5 ശതമാനം കുറഞ്ഞ് 37 ൽ എത്തി. ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയതിനു ശേഷം ഇതാദ്യമായാണ് ലേബർ പാർട്ടി അഭിപ്രായ സർവ്വേകളിൽ മുൻകൈ നേടുന്നത്. അതേസമയം, ബോറിസ് ജോൺസന്റെ വ്യക്തിഗത സ്‌കോറും ഏറ്റവും മോശം നിലയിൽ എത്തി നിൽക്കുകയാണ്. ജനപ്രീതി തീരെ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് ഇപ്പോൾ ബോറിസ്.

അതേസമയം, 26 പോയിന്റുകളുമായി സർ കീർ സ്റ്റാർമർ ലേബർ നേതാക്കളിൽ ഏറ്റവും മുന്നിലെത്തി. മികച്ച വ്യക്തിഗത സ്‌കോർ ലഭിച്ചിരിക്കുന്നത് ഇദ്ദേഹത്തിനാണ്. കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു ലേബർ നേതാവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. ടോണി ബ്ലെയർ മാത്രമാണ് ഇതിനൊരു അപവാദം. എന്നാൽ, ഈ അഭിപ്രായ സർവ്വേ നടത്തിയത്, യഹൂദവിരൂദ്ധതയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വരുന്നതിനു മുൻപാണ് എന്നതും ഓർക്കേണ്ടതുണ്ട്.

ഇംഗ്ലണ്ട് വീണ്ടും ഒരു സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് പോകും എന്ന ഭീതി നിഴലിക്കുന്ന സാഹചര്യത്തിൽ, സമ്പദ്വ്യവസ്ഥയെ കുറിച്ച് തീർത്തും നിരാശജനകമായ അഭിപ്രായമാണ് ജനങ്ങൾക്കുള്ളത് എന്നും സർവ്വേയിൽ തെളിഞ്ഞു. ഏകദേശം 71 ശതമാനം ആളുകളും വിശ്വസിക്കുന്നത് സമ്പദ്വ്യവസ്ഥ ഇനിയും താഴേക്ക് പോകും എന്നാണ്. വോട്ടെടുപ്പിൽ ലേബർ പാർട്ടി മുന്നിൽ എത്തിയെങ്കിലും കൊറോണ പ്രതിസന്ധി, യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം, സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യൽ എന്നിവയിൽ നല്ല നയങ്ങൾ ഉള്ളത് കൺസർവേറ്റീവ് പാർട്ടിക്ക് തന്നെയാണെന്നാണ് ഭൂരിഭാഗം ബ്രിട്ടീഷുകാരും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വോട്ടെടുപ്പ് ഫലങ്ങൾ ലേബർ പാർട്ടിക്ക് തീരെ പ്രതീക്ഷ നൽകുന്നില്ല.

അതിനിടയിൽ, ടയർ 3 നിയന്ത്രണങ്ങൾ ഫലവത്തല്ല എന്ന അഭിപ്രായം ഉയർന്നതിനാൽ സർക്കാർ ഒരു ടയർ 4 നിയന്ത്രണം ആലോചിക്കുന്നു എന്നതിന്റെ സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതിൽ അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാം അടയ്ക്കുകയും, യാത്രചെയ്യുന്നത് ജോലിക്കും പഠനത്തിനും മാത്രമായി ചുരുക്കുകയും ചെയ്യും. ടയർ 3 നിയന്ത്രണങ്ങൾ പോലും ഉൾക്കൊള്ളാനാകാത്ത ബ്രിട്ടീഷ് ജനത ടയർ 4 നിയന്ത്രണങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.