തിരുവനന്തപുരം: കോവിഡ് പ്രതിരോധഗാനം രചിച്ച് ബോൗധവത്ക്കരണം നടത്തിയ കവിയുടെ ഭാര്യയുടെ ജീവനും മഹാമാരി കവർന്നു. കഴക്കൂട്ടം സാകല്യയിൽ കവിയും എഴുത്തുകാരനുമായ അഡ്വ. പി.കെ.ശങ്കരൻകുട്ടി നായരുടെ ഭാര്യ എസ്.എസ്.ജയശ്രീ(50)യാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കേ മരിച്ചത്.

''ചെറുത്തീടാം ചെറുത്തീടാം കൊറോണയെ ചെറുത്തീടാം നേരിടാം നേരിടാം നേരറിവിലൂടെ'' എന്നു തുടങ്ങുന്ന ഗാനം കോവിഡ് പ്രതിരോധത്തിനായി എംപ്ലോയ്മെന്റ് മുൻ ഡെപ്യൂട്ടി ഡയറക്ടർ കൂടിയായ ശങ്കരൻകുട്ടി നായർ എഴുതിയിരുന്നു. സെപ്റ്റംബറിൽ ആരോഗ്യവകുപ്പ് പുറത്തിറക്കിയ കോവിഡ് പ്രതിരോധ ബോധവത്കരണ ഗാനം രചിക്കാൻ ജയശ്രീയായിരുന്നു പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു.

സംഗീതജ്ഞൻ അഭിലാഷ് വെങ്കിടാചലം ചിട്ടപ്പെടുത്തുകയും അർജുൻ ബി.കൃഷ്ണ ആലപിക്കുകയും ചെയ്ത ഗാനം തയ്യാറാക്കാൻ സഹായിച്ചത് ഭാര്യ ജയശ്രീയായിരുന്നെന്നും ശങ്കരൻകുട്ടി നായർ പറഞ്ഞു.

ഒക്ടോബർ 10-നാണ് ജയശ്രീക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മെഡിക്കൽ കോളേജിൽ ചികിത്സതേടി. പിന്നീട് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 29-ന് മരിച്ചു. കോവിഡ് പ്രോട്ടോേക്കാൾ പ്രകാരം ശവസംസ്‌കാരം നടത്തി.