- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനാപകടത്തിൽ സ്വദേശി വനിത മരിച്ച സംഭവം; ഒന്നര വർഷം തടവിൽ കഴിഞ്ഞ മലയാളി യുവാവ് ജയിൽ മോചിതനായി: മലപ്പുറം സ്വദേശിയുടെ ജയിൽ മോചനത്തിന് വഴിയൊരുക്കിയത് സൗദി പൗരനും ഇന്ത്യൻ സോഷ്യൽ ഫോറവും ചേർന്ന്
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ സ്വദേശി വനിത മരിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന് ഒന്നര വർഷത്തിന് ശേഷം മോചനം. മലപ്പുറം തിരുനാവായ ഇടക്കുളം സ്വദേശി ചെറുപറമ്പിൽ നൗഫൽ ആണ് സൗദി പൗരന്റെയും വാദിദവാസിറിലെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും സഹായത്തോടെ മോചിതനായത്.
2019 ഓഗസ്റ്റിൽ ഏഴു വനിതകളുമായി പോകവെ നിയന്ത്രണം വിട്ട് വാഹനം മറിയുകയും ഒരാൾ മരിക്കുകയും ആറ് പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് മലയാളി യുവാവ് ജയിലിൽ അടക്കപ്പെട്ടത്. തുടർന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി തടവിന് ശിക്ഷിക്കുകയും ചെയ്തു. നൗഫലിന്റെ വാഹനത്തിന് ഇൻഷൂറൻസ് ഇല്ലാതിരുന്നതും മരിച്ച വനിതയുടെ ബന്ധുക്കളും പരുക്കേറ്റവരും ദയാധനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടതും മൂലം ജയിൽവാസം നീണ്ടുപോയി.
നൗഫലിനെ കേസിൽ നിന്നും ഒഴിുവാക്കുന്നത് 1.5 ലക്ഷം റിയാൽ ദയാധനം വേണമെന്നാണ് മരിച്ച വനിതയുടെ കുടുംബം ആവശ്യപ്പെട്ടത്. പരുക്കേറ്റവരും നഷ്ടപരിഹാരം വേണമെന്ന് ശഠിച്ചു. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ സ്വദേശി മുഖേന കുടുംബാംഗങ്ങളുമായി പല തവണ ചർച്ച നടത്തി. നൗഫലിന്റെ പരാധീനത ഈ കുടുംബങ്ങളെ ബോധ്യപ്പെടുത്തിയതോടെ പരുക്കേറ്റവർ പിന്മാറി.
മരിച്ച വനിതയുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ 60,000 റിയാൽ നൽകാമെന്ന കരാറിൽ കേസ്് ഒത്തുതീർപ്പാക്കി. ഇതിൽ 45,000 റിയാൽ സ്വദേശി കുടുംബവും ശേഷിച്ച തുക നൗഫലിന്റെ ബന്ധുക്കളും സോഷ്യൽഫോറം പ്രവർത്തകരും ചേർന്നു സമാഹരിച്ചു നൽകിയതോടെ നൗഫൽ ജയിൽ മോചിതനാകുകയായിരുന്നു.