- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കൊലപാതക കേസിൽ 29 വർഷം തടവിൽ കഴിഞ്ഞ നിരപരാധിയെ വിട്ടയച്ചു
ബ്രൂക്ക്ലിൻ (ന്യൂയോർക്ക്): കൊലപാതക കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 29 വർഷത്തെ ജയിൽവാസം അനുഭവിച്ച ആളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു. ജെറാർഡ് ഡുമോണ്ട് എന്നയാളെ ആണ് ഒക്ടോബർ 30-ന് വിട്ടയ്ക്കാൻ ഉത്തരവായതായി ബ്രൂക്ക്ലിൻ സിഎ ഓഫീസ് അറിയിച്ചത്. 2014-ന് ശേഷം കുറ്റവിമുക്തമാക്കപ്പെടുന്ന 29-മത്തെ ആളാണ് ഡുമോണ്ട്.
ജയിൽ മോചിതനായതോടെ ഇതിനു പിന്നിൽ പ്രവർത്തിച്ച ഡുമോണ്ടിന്റെ മാതാവും കുടുംബാംഗങ്ങളും ദീർഘകാലമായി നടത്തിവന്ന നിയമയുദ്ധത്തിന് വിരാമമായി. 1987- മാർച്ചിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഹിങ്ക്സൺ എന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ച ആൾ നൽകിയ വിവരം അനുസരിച്ചാണ് ജെറാർഡിനെ പൊലീസ് കേസിൽ പ്രതിയാക്കുന്നത്. വേറെ ദൃക്സാക്ഷികളുണ്ടായിരുന്നില്ല. പ്രൊസ്പെക്ട് ലഫർട്സ് ഗാർഡൻ ക്ലബിലെ പാർക്കിങ് ലോട്ടിൽ വച്ച് ഹിങ്ക്സണെ വെടിവച്ചത് ജെറാർഡ് ആയിരുന്നു എന്നാണ് ഇയാൾ മൊഴി നല്കിയത്. യാതൊരു ഫോറൻസിക് തെളിവുകളും ഇല്ലാതിരുന്നിട്ടും കൊലപാതകത്തിൽ ഇയാളെ പ്രതിചേർക്കുകയായിരുന്നു. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടാണ് ജെറാർഡ് ഹിങ്ക്സണെ വെടിവെച്ചതെന്നായിരുന്നു റിപ്പോർട്ട്.
മാനസിക രോഗിയായ സാക്ഷിയെ മനോരോഗാശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ഇയാളും കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിലിൽ കഴിഞ്ഞ വ്യക്തിയായിരുന്നു. 2006-ൽ ഇയാൾ ജയിലിൽ വച്ചു മരിച്ചു. അന്വേഷണം നടത്തിയ ഡിറ്റക്ടീവ് കേസിന്റെ എല്ലാവശങ്ങളും പരിഗണിച്ചില്ല എന്നു കണ്ടെത്തിയതിനെ തുടർന്നാണ് ജറാർഡിനെ മോചിപ്പിക്കുന്നതിന് ഉത്തരവായത്. മൂന്നു പതിറ്റാണ്ട് കുറ്റവാളിയെന്നു മുദ്രകുത്തി ജീവിക്കേണ്ടിവന്ന തനിക്ക് ഒടുവിൽ മോചനം ലഭിച്ചതിൽ ജെറാർഡ് സന്തുഷ്ടനാണ്.