ലണ്ടൻ: കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ രണ്ടാമത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. നവംബർ അഞ്ച് വ്യാഴാഴ്ച മുതലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗൺ ആരംഭിക്കുക. ഡിസംബർ രണ്ടിന് അർദ്ധരാത്രിവരെ ഇതു തുടരും.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഏപ്രിൽ-മെയ്‌ മാസങ്ങളിൽ ഉണ്ടായതിനേക്കാൾ മരണസംഖ്യ ഉയരുമെന്നാണ് സയന്റിഫിക് അഡൈ്വസർമാരും മറ്റു വിദഗ്ധരും നൽകിയ മുന്നറിയിപ്പ്. ഇതോടെ യൂറോപ്പിൽ കൂടുതൽ രാജ്യങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാനാണ് സാധ്യതയുള്ളത്.

വെയിൽസ്, സ്‌കോട്ട്ലന്റ്, വടക്കൻ അയർലന്റ് എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുന്ന ബെൽജിയം, ഫ്രാൻസ്. ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഇതിനോടകം പുതിയ രീതിയിലുള്ള ലോക്ക്ഡൗൺ പ്രാബല്യത്തിലാക്കിക്കഴിഞ്ഞു.

ക്രിസ്മസ് ആഘോഷ സമയമാകുമ്പോഴേക്കും രാജ്യത്തെ സുരക്ഷിതമാക്കി നിർത്തുവാനാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അല്ലാത്ത പക്ഷം വലിയ ദുരന്തമായിരിക്കും രാജ്യത്തെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. അതേസമയം, മാർച്ചിൽ നടപ്പാക്കിയ ലോക്ക്ഡൗണിന് വിഭിന്നമായി സ്‌കൂളുകളെയും സർവ്വകലാശാലകളെയും പ്രവർത്തിക്കാൻ അനുമതി നൽകുമെന്നതാണ് ഇത്തവണത്തെ പ്രധാന ഇളവ്.

യാത്ര, വിനോദം എന്നിവ കൂടാതെ അവശ്യമല്ലാത്ത റീട്ടെയിൽ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, മറ്റ് സേവന മേഖലകൾ എന്നിവ അടച്ചിരിക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അടിസ്ഥാന സന്ദേശം 'വീട്ടിൽ തുടരുക' എന്നതാണ്.