- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാൾസിനും ബോറിസ് ജോൺസനും കോവിഡ് ബാധിച്ച സമയത്തു തന്നെ വില്യം രാജകുമാരനും രോഗിയായി; ശ്വാസം എടുക്കാൻ പോലും പ്രയാസപ്പെട്ടിട്ടും രോഗവിവരം രഹസ്യമായി സൂക്ഷിച്ചുവെന്ന് റിപ്പോർട്ട്
കിരീടാവകാശി ചാൾസ് രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ് ബാധയേറ്റകാര്യം ലോകം മുഴുവൻ അറിഞ്ഞതാണ്. എന്നാൽ അതേസമയത്ത്, വില്യം രാജകുമാരനേയും കോവിഡ് ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചാൾസ് രാജകുമാരന് രോഗബാധ സ്ഥിരീകരിച്ചതിന് രണ്ടു ദിവസം കഴിഞ്ഞാണ് വില്ല്യം രാജകുമാരന് രോഗബാധയുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, പൊതുജനങ്ങളെ കൂടുതൽ ഭീതിയിലാഴ്‌ത്താതിരിക്കാൻ വില്യം ഇക്കാര്യം സ്വകാര്യമാക്കി വയ്ക്കുകയായിരുന്നു.
കൊട്ടാരം ഡോക്ടർമാർ തന്നെയാണ് വില്യമിനെ ചികിത്സിച്ചത്. നോർഫോക്കിലെ ആന്മെർ ഹാൾ വസതിയിലായിരുന്നു രാജകുമാരൻ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. വളരെ സുപ്രധാനമായ കാര്യങ്ങൾ നടക്കുന്ന സമയമായതിനാൽ, ആരേയും ആശങ്കപ്പെടുത്തേണ്ടന്ന് തീരുമാനിച്ചതിനാലാണ് കാര്യം പുറത്തുപറയാതിരുന്നതെന്ന് വില്യം രാജകുമാരൻ പറയുന്നു. രോഗബാധയാൽ വലയുമ്പോഴും ആ മാസം രാജകുമരൻ ജോലി ചെയ്തിരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. പതിനാലോളം ഫോൺ കോളുകൾ വിളിക്കുകയും നിരവധി വീഡിയോ കോളുകളിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രോഗാവസ്ഥ ഗുരുതരമായിരുന്നു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചില സമയങ്ങളിൽ ശ്വാസം എടുക്കാൻ പോലും വില്യം രാജകുമാരൻ ബുദ്ധിമുട്ടി. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവർ ശരിക്കും ആശങ്കപ്പെട്ട ദിവസങ്ങളായിരുന്നു അതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, രാജകുമാരന്റെ നിശ്ചയദാർഢ്യം എല്ലാത്തിനേയും കീഴടക്കുകയായിരുന്നു. തന്റെ പിതാവിനും, പ്രധാനമന്ത്രിക്കും രോഗബാധ സ്ഥിരീകരിച്ച അവസരത്തിൽ, തന്റെ രോഗബാധകൂടി പൊതുജനങ്ങളെ അറിയിച്ച് അവരെ ആശങ്കയിലാഴ്‌ത്തേണ്ട എന്നത് രാജകുമാരന്റെ തീരുമാനം ആയിരുന്നു. ഏപ്രിൽ 16 ന് രോഗബാധിതനായി ഇരിക്കുമ്പോഴായിരുന്നു അദ്ദേഹം വീഡിയോ ലിങ്ക് വഴി ബിർമ്മിങ്ഹാമിലെ നൈറ്റിംഗേൽ ആശുപത്രി ഉദ്ഘാടനം ചെയ്തത്.
കുറച്ചു ദിവസങ്ങൾക്കകം അദ്ദേഹം രോഗവിമുക്തനായെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്മർ ഹോൾ വസതിയുടെ പുറത്ത് ഭാര്യ കേയ്റ്റിനും മൂന്ന് മക്കൾക്കും ഒപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വരികയും ചെയ്തിരുന്നു. കെയ്റ്റും കുട്ടികളുമായി വില്യം രാജകുമാരൻ ഐൽസ് ഓഫ് സിലിയിലേക്ക് ഒരു ചെറിയ ഒഴിവുകാലയാത്രയ്ക്കായി പോയ സന്ദർഭത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇതിനിടയിൽ കോവിഡിനെ തുരത്താൻ മുൻനിരയിൽ നിന്നും പോരാടുന്ന എൻ എച്ച് എസ് പ്രവർത്തകർക്ക് പ്രൈഡ് ഓഫ് ബ്രിട്ടൻ അവാർഡ് നൽകുകയും ചെയ്തു.
ലണ്ടൻ നഗരത്തിലെ സെയിന്റ് ബർത്ത്ലോമ്യൂവിലുള്ള ബ്രിട്ടനിലെ ഏറ്റവും പുരാതനമായ ആശുപത്രികളിൽ ഒന്നിലാണ് ഈ രാജദമ്പതിമാർ ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരെ കണ്ടതും അവരുടെ കോവിഡ് കാല സേവനങ്ങളെ കുറിച്ച് സംസാരിച്ചതും. ടി വി അവതാരികയായ കേയ്റ്റ് ഗാരാവേയാണ് രാജദമ്പതികളെ ആശുപത്രി ജീവനക്കാർക്ക് പരിചയപ്പെടുത്തിയത്. കെയ്റ്റിന്റെ ഭർത്താവ് മാർച്ച് മുതൽ തന്നെ ഗുരുതരമായ കോവിഡ് ബാധയുമായി ആശുപത്രിയിൽ ചികിത്സയിലാണ്.