- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഴവില്ല് പോലൊരു മന്ത്രിസഭ! താൻ സ്വവർഗ്ഗാനുരാഗിയെന്ന് പരസ്യമായി പ്രഖ്യാപിച്ച ആൾ ഉപപ്രധാനമന്ത്രി; താടിയിൽ പരമ്പരാഗത ചിഹ്നം ടാറ്റുവായി അണിയുന്ന മാവോറി സമുദായക്കാരി വിദേശകാര്യമന്ത്രി; മലയാളി പ്രിയങ്ക രാധാകൃഷ്ണൻ സാമൂഹികക്ഷേമമന്ത്രി; വൈവിധ്യങ്ങളുടെ കലവറയായി ന്യൂസിലൻഡിൽ ജസിൻഡ ആർഡേന്റെ മന്ത്രിസഭ
വെല്ലിങ്ടൺ: എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലൻഡിലെ ജസിൻഡ ആർഡേന്റെ മന്ത്രിസഭാംഗമായത് മാത്രല്ല ലേബർ പാർട്ടി സർക്കാരിലെ വിശേഷം. വൈവിധ്യങ്ങളുടെ കലവറയാണ് തന്റെ മന്ത്രിസഭയെന്ന് ജസിൻഡ പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കലിനാണ് പുതിയ സർക്കാരിന്റെ പ്രഥമ പരിഗണന.
മുൻ ധനകാര്യമന്ത്രി ഗ്രാൻഡ് റോബർട്‌സണാണ് ഉപപ്രധാനമന്ത്രി. താൻ സ്വർവർഗാനുരാഗിയെന്ന് പരസ്യമായി പ്രഖ്യാപിച്ച റോബർട്‌സണ് ധനകാര്യവകുപ്പിന്റെ ചുമതലയും വഹിക്കും. ഗേയാണെന്ന് പ്രഖ്യാപിച്ച ശേഷം ഈ പദവിയിലെത്തുന്ന ന്യൂസിലൻഡിലെ ആദ്യമന്ത്രി എന്ന സവിശേഷതയുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയതും ഗ്രാൻഡ് റോബേർട്ട്‌സണാണ്.
വനിതകൾക്കും മാവോറി സമുദായക്കാർക്കും 20 അംഗ മന്ത്രിസഭയിൽ ശക്തമായ പ്രാതിനിധ്യമുണ്ട്. പുതിയ വിദേശകാര്യമന്ത്രി നാനെയ് മഹുത്വയാണ്. താടിയിൽ പരമ്പരാഗത മാവോറി ടാറ്റൂ അണിയുന്ന വ്യക്തിയാണ് നാനെയ്.
മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ന്യൂസിലൻഡിൽ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ.
എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സണാണു ഭർത്താവ്. കുട്ടിക്കാലത്തു സിംഗപ്പൂരിലേക്കു താമസം മാറിയ പ്രിയങ്ക വെല്ലിങ്ടൻ സർവകലാശാലയിൽ നിന്നു ഡവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാനാണു ന്യൂസിലൻഡിലെത്തിയത്.
അടുത്ത മൂന്നു വർഷം വലിയ വെല്ലുവിളി
അടുത്ത മൂന്നുവർഷം ന്യൂസിലൻഡിന് വലിയ വെല്ലുവിളിയായിരിക്കുമെന്ന് ജസിൻഡ വെല്ലിങ്ടണിൽ പറഞ്ഞു. കോവിഡ് ലോകമെമ്പാടും ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് രാജ്യവും മുക്തമല്ലെന്ന് അവർ പറഞ്ഞു. തന്റെ മന്ത്രിസഭയുടെ വൈവിധ്യത്തിൽ അഭിമാനം പ്രകടിപ്പിച്ച അവർ നിയമനങ്ങളെല്ലാം യോഗ്യതയുടെ അടിസ്ഥാനത്തിലെന്നും കൂട്ടിച്ചേർത്തു. ഈ വൈവധ്യം ന്യൂസിലൻഡ് ജനതയുടെ തിരഞ്ഞെടുപ്പിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും 40കാരിയായ പ്രധാനമന്ത്രി പറഞ്ഞു. ഒരുരാജ്യമെന്ന നിലയിൽ ഇതിൽ നമ്മൾ അഭിമാനിക്കണം, ജസിൻഡ സന്തോഷം പ്രകടിപ്പിച്ചു.
ഒക്്‌ടോബർ 17 ന് നടന്ന തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയം കോവിഡിനെ നേരിടുന്നതിൽ ന്യൂസിലൻഡ് സർക്കാർ കൈവരിച്ച നേട്ടം തന്നെയായിരുന്നു. പുതിയ മന്ത്രിസഭയിൽ കോവിഡ് പ്രതിരോധത്തിനായി പുതിയ മന്ത്രിയുമുണ്ട്. മുൻ ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിൻസിനാണ് ഈ ചുമതല. 120 അംഗ പാർലമെന്റിൽ ജസീൻഡയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു. ജസീൻഡയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.
ക്യാബിനറ്റിന് പുറത്ത് ഗ്രീൻ പാർട്ടിയിൽ നിന്നുള്ള രണ്ട് സാമാജികരെയും മന്ത്രാലയങ്ങളിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഗ്രീൻ പാർട്ടിയുടെ സഹനേതാവ് ജെയിംസ് ഷോ കാലാവസ്ഥാ മാറ്റ മന്ത്രിയാകുമ്പോൾ മാരാമഡേവിഡ്‌സൺ കുടുംബ-ലൈംഗികാതിക്രമ പ്രതിരോധ മന്ത്രിയായിരിക്കും. വെള്ളിയാഴ്ചയാണ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.