കൽപറ്റ: ആണുങ്ങളേക്കാൾ ചങ്കുറപ്പുള്ള മനസ്സാണ് കെ.ടി ജസീല എന്ന പൊലീസുകാരിയുടേത്. വാഹനാപകടത്തിന്റെ രൂപത്തിലും കാൻസറിന്റെ രൂപത്തിലും ജീവിതം പരീക്ഷിക്കപ്പെട്ടിട്ടും തളരാത്ത മനോവീര്യം കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്ത് ജസീല വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ഇന്നലെ തിരുവനന്തപുരത്തെത്തി പൊലീസ് മേധാവിയിൽ നിന്നും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഏറ്റു വാങ്ങി.

സേവനകാലത്ത് ഉടനീളം ജോലിയോട് കാണിച്ച ആത്മാർത്ഥതയ്ക്കും അർപ്പണബോധത്തിനുമായി 2019 ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹയായ പൊലീസുദ്യോഗസ്ഥയാണ് വയനാട് സ്വദേശിയായ ജസീല. 2019 മാർച്ചിൽ ബസപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആറുമാസത്തോളം കാലുകൾ തളർന്ന് കിടപ്പിലായിരുന്ന ജസീലയ്ക്ക് കഴിഞ്ഞവർഷമാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചത്. എന്നാൽ കിടപ്പിലായിരുന്നതിനാൽ പുരസ്‌കാരം കൈപ്പറ്റാൻ കഴിഞ്ഞില്ല.

രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടിച്ച അതേ ധൈര്യമാണ് കാൻസർ എന്ന മഹാാരോഗത്തെയും മറികടക്കാൻ ഈ വനിതാ പൊലീസുകാരിക്ക് സഹായമായത്. കള്ളനെ പുറകെ ഓടിപിടിച്ചതിനും ഹജ്ജ് ഡ്യൂട്ടിക്കും മറ്റനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി 14 വർഷത്തെ സർവ്വീസിനിടയിൽ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് അനേകം അനുമോദനപത്രങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഏറെ ആഗ്രഹിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വാങ്ങാൻ കഴിയാത്തതന്റെ മനോവിഷമത്തിലായിരുന്നു അവർ. ഏറെ നാളുകളായി തന്റെ മനസ്സിൽ കിടക്കുന്ന ആഗ്രഹം വ്യക്തമാക്കി ഡി.ജിപിക്ക് കത്തെഴുതിയതാണ് വഴിത്തിരിവായത്.

ഒരു വർഷം മുമ്പുവരെ വയനാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലിചെയ്തിരുന്ന സമർത്ഥയായ ഈ ഉദ്യോഗസ്ഥയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പൊലീസ് മേധാവി കൂടെനിന്നതോടെ ഇന്നലെ പൊലീസ് ആസ്ഥാനത്തു നടന്ന പുരസ്‌കാര വിതരണ ചടങ്ങിലേയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തി ജസീല മെഡൽ സ്വീകരിച്ചു. ഇന്നലെ, ആരോഗ്യപ്രശ്‌നങ്ങളൊന്നും കാര്യമാക്കാതെ, വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ തിരുവനന്തപുരത്തു പൊലീസ് ആസ്ഥാനത്തെത്തി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയിൽനിന്നു മെഡൽ സ്വീകരിച്ചു.

കൽപറ്റ വനിതാ സെല്ലിലെ ഉദ്യോഗസ്ഥയായ ജസീലയ്ക്കു ജോലിയിലെ ആത്മാർഥതയും അർപ്പണബോധവും കണക്കിലെടുത്ത് 2019 ലാണ് പൊലീസ് മെഡൽ ലഭിച്ചത്. സർവീസിലെത്തി ചുരുങ്ങിയകാലം കൊണ്ടുതന്നെ ഈ ബഹുമതി നേടാനായെങ്കിലും ബസ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കാലുകൾ തളർന്ന് 6 മാസത്തോളം കിടപ്പിലായിരുന്നതിനാൽ കഴിഞ്ഞവർഷം പുരസ്‌കാരം സ്വീകരിക്കാനായില്ല. അപകടത്തിനു ശേഷം അർബുദം കൂടി പിടിപെട്ടു.

പൊലീസ് ജീപ്പ് ഓടിക്കുന്ന അപൂർവം വനിതകളിൽ ഒരാളായിരുന്നു ജസീല. കള്ളനെ ഓടിച്ചിട്ടു പിടിച്ചും ഇന്ത്യൻ സംഘത്തോടൊപ്പം ഹജ് വൊളന്റിയർ ഡ്യൂട്ടിക്കു പോയും ശ്രദ്ധ പിടിച്ചുപറ്റി. കൈപിടിച്ച് കൂടെനിൽക്കുന്ന കോഴിക്കോട് കോടഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കൂടിയായ ഭർത്താവ് കെ.പി. അഭിലാഷിനും ഡിജിപിയിൽ നിന്നു നേരിട്ടു മെഡൽ സ്വീകരിക്കണമെന്ന അപേക്ഷ പരിഗണിക്കാൻ ഇടപെട്ട പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥ സനൂജയ്ക്കും പുരസ്‌കാരം സമർപ്പിക്കുന്നതായി ജസീല പറഞ്ഞു.