ചെറിയൊരു കാലയളവിൽ രോഗവുമായി പൊരുതി 74-ാ0 വയസ്സിൽ റോബർട്ട് ഫിസ്‌ക് അന്തരിക്കുമ്പോൾ മാധ്യമ പ്രവർത്തനത്തിന്റെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. എന്നും പ്രശ്നമുഖരിതമായിരുന്ന മദ്ധ്യപൂർവ്വ ദേശങ്ങളിലെ റിപ്പോർട്ടിംഗിന്റെ പേരിലായിരുന്നു റോബർട്ട് ഗിസ്‌ക് അറിയപ്പെട്ടിരുന്നത്. 1996-ൽ അമേരിക്കയ്ക്ക് പോലും പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന ഒസാമ ബിൻലാദനുമായി കണ്ടുമുട്ടി ഒരു അഭിമുഖം തയ്യാറാക്കിയതോടെ അദ്ദേഹത്തിന്റെ പ്രശസ്തി കുത്തനെ ഉയർന്നു. സ്വദേശമായ ഡുബ്ലിനിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു മരണം.

ഈ കാലഘട്ടത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പത്രപ്രവർത്തകൻ എന്നായിരുന്നു, അദ്ദേഹം ജോലി ചെയ്തിരുന്ന ഇൻഡിപെൻഡന്റ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കെന്റിൽ ജനിച്ച ഫിസ്‌കിന്റെ മുഖമുദ്ര ഇടതുപക്ഷ ആഭിമുഖ്യമായിരുന്നു. അതുപോലെ ഇസ്ലാമിസ്റ്റ് അനുകൂല നിലപാടുകളുടെ പേരിലും അദ്ദേഹം അറിയപ്പെട്ടു. ഒരുപക്ഷെ ഈ നിലപാടുകളാകാം അദ്ദേഹത്തെ മലയാളികൾക്കും പ്രിയങ്കരനാക്കിയത്.

ഇറാഖ് യുദ്ധത്തെ എതിർത്ത അദ്ദേഹം, ഇറാഖിൽ മാരകായുധങ്ങൾ സംഭരിച്ചു വച്ചിട്ടുണ്ടെന്ന് വാദത്തെ നഖശിഖാന്തം എതിർത്തു. ഇക്കാലയളവിൽ ഒട്ടു മിക്ക മലയാളം പ്രസിദ്ധീകരണങ്ങളിലും, പ്രത്യേകിച്ച് ഇടതുപക്ഷ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളിൽ ഇദ്ദേഹത്തിന്റെ ലേഖനങ്ങളുടെ തർജ്ജമകൾ സ്ഥിരമായി വന്നിരുന്നു. സെപ്റ്റംബർ 11 ആക്രമണത്തിനും ഇറാഖ് അധിനിവേശത്തിനും പിറകേ അദ്ദേഹം പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി സന്ദർശിച്ചു. അവിടെ വച്ച് അദ്ദേഹം അഫഗാൻ അഭയാർത്ഥികളാൽ ആക്രമിക്കപ്പെട്ടു. തന്റെ നേരെയുണ്ടായ ആക്രമണാത്തെ അദ്ദേഹം യുദ്ധത്തിനെതിരായ വികാരമായാണ് സൂചിപ്പിച്ചത്.

ബ്രിട്ടനിൽ നിരവധിയിടങ്ങളിൽ പത്രപ്രവർത്തകനായി ജോലിചെയ്ത ശേഷം 1975 ലാണ് അദ്ദേഹം ബെയ്റൂട്ടിൽ എത്തുന്നത്. പിന്നീട് ബെയ്റൂട്ട് ആസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവർത്തനം. ലെബനൺ യുദ്ധം, ഇറാൻ-ഇറാഖ് യുദ്ധം, അരബ്-ഇസ്രയേലി പോരാട്ടങ്ങൾ, അൾജീരിയയിലേയും അഫ്ഗാനിസ്ഥാനിലേയും അഭ്യന്തര കലാപങ്ങൾ, സദ്ദാം ഹുസൈന്റെ കുവൈറ്റ് ആക്രമണം, ഇറാഖ് അധിനിവേശം, സിറിയൻ അഭ്യന്തരയുദ്ധം എന്നിങ്ങനെ വരുംകാല ചരിത്രപുസ്തകങ്ങളിൽ അതീവപ്രാധാന്യത്തോടെ കുറിച്ചിടാൻ പോന്ന നിരവധി സംഭവങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം ലോകത്തെ അറിയിച്ചു.

തന്റെ പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും അതിനേക്കാളേറെ വിമർശനങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് സിറിയൻ കലാപത്തിന്റെ റിപ്പോർട്ടിംഗിൽ അദ്ദേഹത്തിന്റെ പല ആരാധകരും അദ്ദേഹത്തിനെതിരായി തിരിഞ്ഞു. അതുപോലെ 1982 ൽ ബെയ്റൂട്ടിലെ സാബ്രാ, ഷാറ്റില കാമ്പുകളിൽ കൃസ്ത്യൻ തീവ്രവാദികൾ ഫലസ്തീനിയൻ അഭയാർത്ഥികളെ കൂട്ടക്കൊല ചെയ്തകാര്യം ആദ്യം ലോകത്തെ അറിയിച്ച പത്രപ്രവർത്തകരിൽ ഒരാളാണ് ഫിസ്‌ക്.

സിറിയൻ അഭ്യന്തര യുദ്ധ സമയത്ത് മറ്റ് പത്രപവർത്തകർക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്ത പലയിടങ്ങളിലും ഫിസ്‌കിന് പ്രവേശനാനുമതിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രോ-ഇസ്ലാമിസ്റ്റ് നിലപാടുകളും, സർക്കാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ മറച്ചു പിടിക്കുന്നതുമാണ് അദ്ദേഹത്തെ സർക്കാരിന് പ്രിയങ്കരനാക്കിയത് എന്നൊരു ആരോപണം അക്കാലത്ത് ഉയർന്നിരുന്നു.നിരവധി പുസ്തകങ്ങളും റോബർട്ട് ഫിസ്‌ക് രചിച്ചിട്ടുണ്ട്.

സുപ്രസിദ്ധ സിനിമാ സംവിധായികയും മനുഷ്യാവകാശ പ്രവർത്തകയുമായ നീലൊഫർ പാസിറയാണ് ഭാര്യ.