ദോഹ: ഖത്തറിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഖത്തർ നാഷനൽ ലൈബ്രറി ചുറ്റിക്കാണാൻ അവസരം. പുസ്തക ശേഖരത്തെ അടുത്തറിയാനും, വിനോദവും വിജ്ഞാനവും നിറഞ്ഞ പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ഒപ്പം, കഥ പറച്ചിൽ സെഷനും ഉണ്ടായിരിക്കും. ഇതിനായി സ്‌കൂൾ അധികൃതർക്കാണ് കുട്ടികളെ സഹായിക്കാനാകുക. സ്‌കൂളുകൾക്ക് ലൈബ്രറി വെബ്‌സൈറ്റിൽ ഓൺലൈനായി ബുക്കിങ് ചെയ്യാം.

ഓരോ സ്‌കൂളിനും പ്രതിമാസം പ്രൈമറി അല്ലെങ്കിൽ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഒരു സന്ദർശനമാണു ബുക്ക് ചെയ്യാനാകുക. പ്രൈമറിക്ക് തിങ്കൾ, ബുധൻ, സെക്കൻഡറിക്ക് ഞായർ, ചൊവ്വ ദിവസങ്ങളാണ് അനുവദിക്കുക. പരമാവധി 30 വിദ്യാർത്ഥികൾ. ലഭിക്കുന്ന ലിങ്ക് വഴിയാണു വെർച്വലായി ലൈബ്രറി കാണാനാകുക.