ചെന്നൈ: ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി, അഭിനേതാക്കളായ പ്രകാശ് രാജ്, തമന്ന, റാണ ദഗുബാട്ടി എന്നിവർക്കു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടിസ്. ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ടു മധുര സ്വദേശി മുഹമ്മദ് റസ്വി നൽകിയ പൊതുതാൽപര്യ ഹർജിയിലാണു നടപടി. ഹർജി 19നു വീണ്ടും പരിഗണിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളോടു നിലപാട് അറിയിക്കാൻ നിർദ്ദേശം നൽകി. ക്രിക്കറ്റ് ഗെയിമിങ് ആപ്പായ ഡ്രീം ലെവലിനെപ്പോലും ഹർജിക്കാരൻ ചൂതാട്ട ഗെയിമിൽ ഉൾപ്പെടുത്തിയതായി ഓൺലൈൻ കമ്പനികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ക്രിക്കറ്റ് ചൂതാട്ടത്തിൽ ഉൾപ്പെടില്ലെയെന്നായിരുന്നു കോടതിയുടെ മറുചോദ്യം.

ചൂതാട്ട ഗെയിമുകൾ ജനങ്ങൾക്കു മുന്നിൽ തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ജനങ്ങളുടെ വികാരം കൊണ്ടാണു കളിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ ചൂതാട്ട ഗെയിം പ്രോത്സാഹിപ്പിക്കുന്ന വിരാട് കോലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന മറ്റൊരു ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.