- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ കരാർ അവസാനിച്ചാൽ സ്പോൺസറുടെ സമ്മതമില്ലാതെതന്നെ സ്‌പോൺസർഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാം; കോൺട്രാക്ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയിൽ അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരാനും സ്പോൺസറുടെ അനുമതി വേണ്ട; സൗദിയിൽ തൊഴിൽ പരിഷ്‌കരണ നടപടികൾ; പ്രവാസികൾക്ക് ആശ്വാസം
റിയാദ്: പുതിയ തൊഴിൽ പരിഷ്‌കരണ നടപടികളുമായി സൗദി മാനവവിഭവശേഷി മന്ത്രാലയം. സൗദിയിലെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്. മാനവവിഭവ ശേഷിയുടെ കാര്യക്ഷ്മമായ നടപ്പാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരിഷ്‌കരണ നടപടികൾ 2021 മാർച്ച് 14 മുതലായിരിക്കും പ്രാബല്യത്തിൽ വരികയെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. പുതിയ നിയമമനുസരിച്ച് തൊഴിലാളിക്ക് തൊഴിൽ കരാർ അവസാനിച്ചാൽ തൊഴിലുടമയായ സ്‌പോൺസറുടെ സമ്മതമില്ലാതെതന്നെ സ്‌പോൺസർഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാനാകും. ഇത് നിരവധി പ്രവാസികൾക്ക് ഗുണകരമാകും.
ഒരു തൊഴിലാളിക്ക് തന്റെ കോൺട്രാക്ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയിൽ അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരാനും തൊഴിലുടമയായ സ്‌പോൺസറുടെ അനുമതി വേണമെന്നില്ല എന്നതും പുതിയ പരിഷ്‌ക്കരണത്തിൽ ഉണ്ട്. ഇതും മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസമാണ്. മെച്ചപ്പെട്ട തൊഴിൽ തേടാനും കഴിയും.
നിലവിൽ സ്‌പോൺസറുടെ അനുമതി ഇല്ലാതെ തൊഴിലാളിക്ക് സൗദി അറേബ്യയിൽനിന്നു തിരികെ പോകാനോ തിരിച്ചെത്താനോ സാധ്യമല്ല. ഇതാണ് ഇനി മുതൽ ഇല്ലാതാകുന്നത്. സൗദി ചരിത്രത്തിലെ 70 വർഷത്തോളം പഴക്കമുള്ള നിയമമാണ് പൊളിച്ചെഴുതുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടാണ് നടപടികൾ.
ഏഴു ദശകത്തോളമായി നിലനിൽക്കുന്ന സ്പോൺസർഷിപ്പ് സമ്പ്രദായം എടുത്തുകളയുന്നതോടെ സൗദിയിൽ ജോലിചെയ്യുന്ന ഒരുകോടിയോളം വിദേശികൾക്കിതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. വിദേശ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് സ്പോൺസർഷിപ്പ് സമ്പ്രദായവും നിർത്തലാക്കാനുള്ള നീക്കം. പദ്ധതി പ്രാബല്യത്തിലായാൽ വിദേശികളുടെ ഫൈനൽ എക്‌സിറ്റ്, റീ- എൻട്രി വിസ നടപടികൾ എളുപ്പമാകും എന്നാണ് വിലയിരുത്തൽ.
തൊഴിൽ ലഭിക്കുന്നതിനും സ്പോൺസറുടെ അനുമതിയില്ലാതെ സൗദിക്ക് പുറത്തേക്കു യാത്ര ചെയ്യുന്നതിനും സാധിക്കും. വിദേശ തൊഴിലാളികളുടെ താമസം, വിനോദം അടക്കമുള്ള പദ്ധതികളിലും സമൂല മാറ്റമുണ്ട്. തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ