ന്യൂഡൽഹി: അപരിചിതയായ പെൺകുട്ടി ആന്റിയെന്ന് വിളിച്ചതിന് പൊതിരെ തല്ലി യുവതിയുടെ പരാക്രമം. പൊതുജന മധ്യത്തിലിട്ടാണ് യുവതിയും സംഘവും പെൺകുട്ടിയെ തല്ലിച്ചതച്ചത്. പെൺകുട്ടി 'ആന്റി' എന്ന് വിളിച്ചത് ഇഷ്ടപ്പെടാതിരുന്ന യുവതി പൊതിരെ തല്ലുക ആയിരുന്നു. ഉത്തർപ്രദേശിലെ എഠായിലെ ബാബുഗഞ്ചിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

'കർവാ ചൗത് 'ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഷോപ്പിംഗിനായി നൂറുകണക്കിന് സ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. അതിനാൽ തന്നെ മാർക്കറ്റിൽ വൻ തിരക്കായിരുന്നു. ഇവിടെ വച്ച് ഒരു സ്ത്രീയെ ഈ പെൺകുട്ടി 'ആന്റി' എന്ന് വിളിക്കുക ആയിരുന്നു. ഇതോടെ് 'ആന്റി' വിളികേണ്ട സ്ത്രീയ്ക്ക് കലി പൂണ്ടു. ഇതോടെ ഈ യുവതിയും അവരുടെ സംഘത്തിലെ മറ്റു സ്ത്രീകളും ചേർന്ന് പെൺകുട്ടിയെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വാക്കുതർക്കത്തിൽ തുടങ്ങുകയും തുടർന്ന് സ്ത്രീകൾ പെൺകുട്ടിയെ പിടിച്ചു തള്ളുകയുമായിരുന്നു. ഈ 'അടിപിടി ' വീഡിയോ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. നീല നിറത്തിലെ ജാക്കറ്റ് ധരിച്ച പെൺകുട്ടിയെ സ്ത്രീകൾ പൊതിരെ അടിക്കുന്നത് വീഡിയോയിൽ കാണാം. വെളുത്ത സ്‌കാർഫ് കൊണ്ട് പെൺകുട്ടി മുഖം മറച്ചിട്ടുണ്ട്. എന്നാൽ കൂട്ടത്തിലൊരു സ്ത്രീ പെൺകുട്ടിയുടെ സ്‌കാർഫ് വലിച്ചൂരുകയും മുടിയിൽ പിടിച്ച് അടിക്കുകയും ചെയ്തു.

അടി മുറുകുന്നതിനിടെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടയ്ക്ക് കയറിയാണ് പെൺകുട്ടിയെ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.