തൃശൂർ: ബാങ്ക് വായ്പ നഷ്ടപ്പെട്ടതിനു കാരണം ബാങ്ക് മാനേജരാണെന്ന തെറ്റിദ്ധാരണയിൽ എസ്‌ബിഐ ശാഖാ മാനേജരെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തുകാട്ടൂർ കതിരപ്പിള്ളി വിജയരാഘവനെയാണ് (64) പൊലീസ് പിടികൂടിയത്. ഗുരുതരമായി പരുക്കേറ്റ കണ്ണൂർ പയ്യാമ്പലം സ്വദേശി വി.പി. രാജേഷ് (44) അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെ 9ന് മാനേജർ ാങ്ക് തുറക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ വിജയരാഘവൻ ഇരുമ്പുവടി ഉപയോഗിച്ച് രാജേഷിനെ തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിജയരാഘവനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: കർഷകനായ വിജയരാഘവനു ബാങ്ക് വായ്പ അനുവദിച്ചിരുന്നു. എന്നാൽ, കോവിഡ് ബാധിച്ച് ഒരുമാസത്തോളം ചികിത്സയിലായിരുന്നതിനാൽ ഇദ്ദേഹത്തിനു വായ്പ സ്വീകരിക്കാൻ ബാങ്കിലെത്താനായില്ല.

സമയപരിധി കഴിയുകയും ചെയ്തു. ഇതിനിടെ ബാങ്ക് മാനേജർക്കു സ്ഥലംമാറ്റമായി. പുതുതായെത്തിയ മാനേജർ രാജേഷ് സമയപരിധി കഴിഞ്ഞെന്നും വായ്പ നഷ്ടപ്പെട്ടെന്നും വിജയരാഘവനെ അറിയിച്ചു. അപേക്ഷ പുതുക്കി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. വായ്പ നഷ്ടപ്പെടുത്തിയതിനു പിന്നിൽ പുതിയ മാനേജരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ആക്രമണം.

ബാങ്കിനു മുന്നിലെ സിസിടിവി ക്യാമറയിൽ ആക്രമണദൃശ്യം പതിഞ്ഞെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കാട്ടൂർ അങ്ങാടിയിൽ പൊലീസ് സ്ഥാപിച്ച ക്യാമറയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞതു വഴിത്തിരിവായി.