- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം ലോക്ക്ഡൗണിനു മുമ്പു നാടു വിടാൻ കൂട്ടത്തോടെ തെരുവിലിറങ്ങി ബ്രിട്ടീഷുകാർ; ലണ്ടനിലേക്കുള്ള റോഡുകളെല്ലാം അർദ്ധരാത്രിപോലും ബ്ലോക്കിൽ കുടുങ്ങി
രണ്ടാം ലോക്ക് ഡൗണിനു മുമ്പ് ലണ്ടൻ വിടാൻ ഒരുങ്ങിയ ആയിരക്കണക്കിനു ഡ്രൈവർമാർ ഒടുവിൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി. ഇന്നലെ അർദ്ധരാത്രിയോടെ റോഡുകളെല്ലാം ലോക്ക് ചെയ്തതോടെയാണ് ലണ്ടനിൽ പുറത്തു കടക്കാനാവാതെ വാഹനങ്ങളും ആളുകളും റോഡുകളിൽ കുടുങ്ങിയത്. സാറ്റ്നാവ് പ്രൊവൈഡർ ടോം ടോം പുറത്തു വിട്ട കണക്കുകൾ പ്രകാരം 1200 മൈലുകളോളം നീളത്തിൽ ക്യൂവുകൾ രൂപപ്പെട്ടുവെന്നാണ് വിവരം. മാത്രമല്ല, വൈകിട്ട് ആറു മണിക്കു തന്നെ ലണ്ടൻ റോഡുകളിൽ 2624 ട്രാഫിക് ജാമുകളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
ഗതാഗത കുരുക്കിൽ പ്പെട്ട് 90 മിനുട്ടിലധികമാണ് തലസ്ഥാന നഗരത്തിൽ ഡ്രൈവർമാർ കുടുങ്ങിയത്. നോർത്ത് സർക്കുലർ ഭാഗങ്ങളിൽ മാത്രം എട്ടു മൈലുകളോളം ട്രാഫിക് ബ്ലോക്കുകളാണ് ഉണ്ടായത്. ഇംഗ്ലണ്ടിലുടനീളം ലണ്ടനു സമാനമായ അവസ്ഥയാണ് റിപ്പോർട്ട് ചെയ്തത്. 24ഓളം സിറ്റികളിൽ 16 എണ്ണവും വൻ തിരക്കിനാൽ ട്രാഫിക് ബ്ലോക്കുകളിൽ ഉഴലുകയായിരുന്നു. എം25 പൂർണമായും നിശ്ചലമാവുകയും ചെയ്തു.
ഇന്ന് മുതൽ നടപ്പിലാവുന്ന ദേശീയ ലോക്ക്ഡൗണിനു മുമ്പായി ഷോപ്പിംഗും വിനോദ പരിപാടികളും ആസ്വദിക്കുവാൻ സിറ്റികളിലേക്കിറങ്ങിയവരാണ് ഗതാഗത കുരുക്കിൽ റോഡിൽ കുരുങ്ങിയതെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും ഡിസംബർ രണ്ടോടെ രണ്ടാം ലോക്ക്ഡൗൺ അവസാനിക്കുമെന്നും ക്രിസ്മസ് പരിപാടികൾ മുടക്കമില്ലാതെ ആഘോഷിക്കാനും കുടുംബാംഗങ്ങൾക്കെല്ലാം ഒത്തുചേരാനും ജനങ്ങളെ ഇതു സഹായിക്കുകയും ചെയ്യുമെന്ന നിഗമനത്തിൽ ആശ്വസിക്കുകയാണ് ബോറിസ് ജോൺസൺ.
ട്വിറ്ററിൽ നിരവധി പേരാണ് ലണ്ടനിലെ ട്രാഫിക് ബ്ലോക്കുകളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഇത്രയധികം തിരക്ക് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ താൻ കണ്ടിട്ടില്ലെന്നാണ് അതിൽ ഒരാൾ വ്യക്തമാക്കിയിട്ടുള്ളത്. തലസ്ഥാനത്ത് ആകെ മൊത്തം കുഴപ്പങ്ങളാണെന്നും പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനു പുറമെ, ബിർമിങാം, ലിവർപൂൾ, ലീഡ്സ്, ഷെഫീൽഡ് എന്നിവിടങ്ങളിലും വൻ തോതിൽ ട്രാഫിക് ബ്ലോക്കുകൾ രൂപപ്പെട്ടിരുന്നു.
ഏതാണ്ട് പത്തു മില്യണോളം ആളുകൾ വസിക്കുന്ന നോർത്ത് വെസ്റ്റ്, മിഡ്ലാന്റ്സ് ഏരിയ ഇപ്പോൾ തന്നെ ടയർ ത്രീ നിയന്ത്രത്തിലാണ്. ആളുകൾ പരസ്പരം ഇടപെടുന്നതും മറ്റുള്ള വീട്ടുകാരുമായി ഇടപെടുന്നതും എല്ലാം നിയന്ത്രിച്ചിരിക്കുകയാണ്. മാത്രമല്ല. പബ്ബുകളും മറ്റും അടച്ചിട്ടിരിക്കുകയാണ്. അർദ്ധരാത്രിയോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ, രാജ്യമെമ്പാടുമുള്ള ആളുകൾ പ്രധാന നഗരങ്ങളിൽ നിന്ന് ലോക്ക്ഡൗണിന് മുമ്പായി ഗ്രാമത്തെ വീടുകളിലേക്ക് മടങ്ങിയെത്തുന്നതിനുള്ള തിരക്കുകളാണ് പലയിടങ്ങളിലും രൂപപ്പെട്ട ബ്ലോക്കുകൾക്ക് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഇന്നലെ ബ്രിട്ടനിൽ മെയ് മാസത്തിനു ശേഷം ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞ ദിവസമായാണ് റിപ്പോർട്ട് ചെയ്തത്. 492 പേരാണ് ഇന്നലെ മരിച്ചത്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലായെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. രണ്ടാഴ്ചയ്ക്കുള്ളിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ കൊറോണ വൈറസ് കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. രണ്ടാം ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് നേരത്തെയാണോ എന്നാണ് ശാസ്ത്രജ്ഞർ സംശയം ഉന്നയിക്കുന്നത്.