- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ വിഷയങ്ങളിൽ സഭയുടെ സാമൂഹ്യ ഇടപെടലുകൾ ശക്തമായി തുടരും: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ ജീവനും ജീവിത മാർഗ്ഗങ്ങൾക്കും വെല്ലുവിളികൾ ഉയർത്തുന്ന വിഷയങ്ങളിൽ കത്തോലിക്കാസഭയുടെ സാമൂഹ്യ ഇടപെടൽ ശക്തമായി തുടരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ ജോസ് പുളിക്കൽ.
രൂപതാ പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. പക്ഷെ മണ്ണിൽ പണിയെടുത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന കർഷകനെ ആട്ടിപ്പായിച്ചുകൊണ്ടാകരുത്. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കർഷകരുടെ റവന്യൂ ഭൂമി കയ്യേറി ബഫർ സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പിലാക്കാൻ അനുവദിക്കില്ല. പരിഷ്‌കരിച്ച പട്ടയഉത്തരവുകൾ ജനദ്രോഹപരമാണെന്നും സർക്കാർ പുനഃർചിന്തയ്ക്ക് വിധേയമാകണമെന്നും മാർ പുളിക്കൽ സൂചിപ്പിച്ചു.
രൂപതാ സിഞ്ചെല്ലൂസും ചാൻസിലറുമായ റവ.ഡോ.കുര്യൻ താമരശ്ശേരി ആമുഖപ്രഭാഷണം നടത്തി. ചർച്ചകൾക്ക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ മോഡറേറ്ററായിരുന്നു. പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ.ജോസഫ് വെള്ളമറ്റം, സിഞ്ചെല്ലൂസ് ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രൊക്യുറേറ്റർ റവ.ഫാ.മാർട്ടിൻ വെള്ളിയാംകുളം, വൈസ്ചാൻസിലർ ഫാ.ജോസഫ് മരുതൂക്കുന്നേൽ, ഇൻഫാം ദേശീയ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ, പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ.സ്റ്റാൻലി പുള്ളോലിക്കൽ, എസ്.എം.വൈ.എം ഡയറക്ടർ ഫാ.വർഗീസ് കൊച്ചുപുരയ്ക്കൽ, പാസ്റ്ററൽ കൗൺസിൽ എഡ്യുക്കേഷൻ കമ്മീഷൻ സെക്രട്ടറി പ്രൊഫ.ബിനോ പി.ജോസ് പെരുന്തോട്ടം എന്നിവർ വിഷയാവതരണങ്ങൾ നടത്തി.
കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള രൂപതയുടെ അജപാലന പ്രവർത്തനങ്ങൾ, ഫ്രാൻസീസ് മാർപാപ്പായുടെ മൂന്നാം ചാക്രികലേഖനം 'ഫ്രത്തേലി തൂത്തി', ദേശീയ വിദ്യാഭ്യാസനയം-വെല്ലുവിളികൾ പ്രതീക്ഷകൾ, ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിരുദ്ധത, സാമ്പത്തിക സംവരണം നടപ്പിലാക്കൽ പ്രക്രിയ, ബഫർ സോൺ-കാർഷിക പ്രശ്നങ്ങൾ, പട്ടയപ്രതിസന്ധി, ആനുകാലിക, രാഷ്ട്രീയ, സാമുദായിക അവലോകനവും കാഴ്ചപ്പാടുകളും എന്നീ വിഷയങ്ങൾ പാസ്റ്ററൽ കൗൺസിൽ വിശദമായി ചർച്ചചെയ്തു.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിരുദ്ധ സമീപനം ന്യൂനപക്ഷ ക്ഷേമവകുപ്പ് അവസാനിപ്പിക്കണമെന്നും തുല്യനീതി നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംവരണേതര വിഭാഗത്തിന് സാമ്പത്തിക സംവരണമേർപ്പെടുത്തിയ കേന്ദ്ര സംസ്ഥാന സർക്കാർ നടപടിയെ സമ്മേളനം അഭിനന്ദിച്ചു. പി.എസ്.സി.നിയമനങ്ങളിലുൾപ്പെടെ മുൻകാലപ്രാബല്യമുണ്ടാകണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചു. ദേശീയ വിദ്യാഭ്യാസനയ നടത്തിപ്പുമായി കേന്ദ്രസർക്കാർ മേേുന്നാട്ടുനീങ്ങുമ്പോൾ അതിനനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാകുവാൻ വിദ്യാഭ്യാസമേഖല ഉണരണമെന്നും സമ്മേളനം മുന്നറിയിപ്പു നൽകി.
ആനുകാലിക, രാഷ്ട്രീയ, സാമുദായിക അവലോകനവും കാഴ്ചപ്പാടുകളും പാസ്റ്ററൽ കൗൺസിലിലെ മുഖ്യചർച്ചാവിഷയമായിരുന്നുവെന്നും വിവിധ തലങ്ങളിലെ തുടർചർച്ചകൾക്കുശേഷം വ്യക്തമായ നിലപാടുകളും മാർഗ്ഗനിർദ്ദേശങ്ങളും വരുംദിവസങ്ങളിൽ രൂപീകരിക്കുമെന്നും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി സി.സെബാസ്റ്റ്യൻ അറിയിച്ചു.