അബുദാബി: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും വരുന്നു. ഞായറാഴ്ച എട്ടാം തീയതി മുതൽ അബുദാബിയിലേക്ക് നാലു ദിവസത്തിൽ കൂടുതൽ തങ്ങാൻ വരുന്ന താമസക്കാരും സന്ദർശകരും പ്രവേശിച്ച് നാലാം ദിവസം നിർബന്ധമായും കോവിഡ് പിസിആർ ടെസ്റ്റ് നടത്തണം. അതു മാത്രം പോരാ, എട്ടു ദിവസമോ അതിൽ കൂടുതലോ തുടർച്ചയായി താമസിക്കാൻ ഉദ്ദേശിക്കുന്നവർ എട്ടാം ദിവസം അടുത്ത പിസിആർ പരിശോധന നടത്തണം.

അബുദാബിയിൽ പ്രവേശിക്കുന്ന ദിവസം ഒന്നാമത്തെ ദിവസമായി കണക്കുകൂട്ടുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. നിയമം ലഘിക്കുന്നവർക്കെതിരെ ശക്തമായ പിഴ ശിക്ഷ ചുമത്തുന്നതാണ്. നിലവിൽ അബുദാബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂർ മുൻപ് എടുത്ത പിസിആർ ടെസ്റ്റിന്റെയോ ഡിപിഐ ടെസ്റ്റിന്റെയോ കോവിഡ് നെഗറ്റീവ് ഫലം വേണം. ദേശീയ അത്യാഹിത ദുരന്ത നിവാരണ അഥോറിറ്റിയാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയുള്ള ഉത്തരവ് പ്രഖ്യാപിച്ചത്.

യുഎഇയിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രാജ്യത്തെ സുരക്ഷിതമാക്കാൻ ഏഴ് എമിറേറ്റുകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു. ആരോഗ്യ, സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് അതത് എമിറേറ്റുകളിലെ ആരോഗ്യവിഭാഗം ബോധവൽക്കരണം നടത്തും. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനത്തിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.