ന്യൂഡൽഹി: ഹൈവേകളിലെ വേഗപരിധി കൂട്ടുന്നത് കേന്ദ്ര പരിഗണനയിൽ. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് 5 മുതൽ 15കിലോമീറ്റർ വരെ വേഗം വർധിപ്പിക്കുന്നതാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് മന്ത്രി നിതിൻ ഗഡ്കരി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

നിലവിൽ ഹൈവേകളിൽ 100 കിലോമീറ്ററും എക്സ്‌പ്രസ് ഹൈവേകളിൽ 120 കിലോമീറ്ററുമാണു വേഗപരിധി. സംസ്ഥാനങ്ങളനുസരിച്ച് ഇതിൽ വ്യത്യാസവുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് 5 മുതൽ 15 കിലോമീറ്റർ വരെ വേഗം വർധിപ്പിക്കുന്നതാണ് ആലോചനയിൽ.

രാജ്യത്തെ 115 ആസ്പിരേഷനൽ ജില്ലകളിലും ഗോത്രവർഗക്കാർക്കു മുൻഗണന നൽകി ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങുമെന്നും ഗഡ്കരി അറിയിച്ചു. കേരളത്തിൽ വയനാടിന് ഇതിന്റെ പ്രയോജനം ലഭിച്ചേക്കും. കേരളമടക്കം മഴ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ബിറ്റുമിനു പകരം കോൺക്രീറ്റ് റോഡുകൾക്കു മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.