കൊല്ലം: കൊല്ലത്ത് അയൽവാസിയായ യുവതിയെ കുത്തിക്കൊന്ന കേസിൽ പ്രതികളായ കുടുംബത്തെ കസ്‌റ്്‌റഡിയിൽ വിട്ടു കിട്ടണമെന്ന ആവശ്യവുമായി പൊലീസ് കോടതിയിൽ. കൊലപാതകം ആസൂത്രിതമാണോയെന്ന് കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് പ്രതികളെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്.

അഭിരാമി എന്ന 24കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ മുഖ്യപ്രതി ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷൻ ഫാമിലി നഗറിൽ ഉമേഷ് ബാബു (62), ഭാര്യ ശകുന്തള (44), മകൾ സൗമ്യ (20) എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയെ സമീപിച്ചത്. വീടിന് മുന്നിലെ വഴിയിലേയ്ക്ക് മലിനജലം ഒഴുക്കുന്നതിനെ എതിർത്തതിന്റെ വൈരാഗ്യത്തിലാണ് അഭിരാമിയെ മൂവർ സംഘം കുത്തിക്കൊലപ്പെടുത്തിയത്. ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷന് സമീപം സ്‌നേഹനഗറിൽ ദാമോദർ മന്ദിരത്തിൽ മോസസ് ദാമോദർ - ലീന മോസസ് ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട അഭിരാമി.

ഉമേഷ് ബാബുവിനെ കൊലപാതകത്തിന് സഹായിച്ചെന്ന കുറ്റം ചുമത്തിയാണ് ശകുന്തളയെയും മകൾ സൗമ്യയെയും അറസ്റ്റ് ചെയ്തത്. അഭിരാമിയുടെ അമ്മ ലീനയെ കൊലപ്പെടുത്താൻ പ്രകോപിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കുതറിപ്പോകാതെ പിടിച്ചുനിറുത്തുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. കഴിഞ്ഞ മാസം 29ന് രാത്രി ലീന അയൽവാസിയുടെ വീട്ടിലേക്ക് പോകവേ ഉമേഷിന്റെ ഭാര്യയും മകളും മൊബൈലിൽ പകർത്തി. ഇതു ചോദ്യം ചെയ്തതോടെ കത്തിയുമായി പാഞ്ഞെത്തിയ ഉമേഷ് ലീനയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റു.

നിലവിളി കേട്ടെത്തിയ അഭിരാമിയെ അടിവയറ്റിൽ കുത്തിവീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയായ ലീന കഴിഞ്ഞദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.