- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശ്വാസത്തോടെ അമേരിക്കക്കാർ ആഹ്ലാദ നൃത്തം ചവിട്ടുമ്പോഴും സ്വപ്ന ലോകത്തുനിന്നും താഴെ ഇറങ്ങാൻ മടിച്ച് ട്രംപ് കൂസലില്ലാതെ മുൻപോട്ട്; തോറ്റിടങ്ങളിലെല്ലാം നിയമ പോരാട്ടം തുടങ്ങി; സുപ്രീം കോടതിയേയും അട്ടിമറിക്കാൻ ഗൂഢാലോചന; പ്രസിഡണ്ട് കസേരയിൽ നിന്നും ഇറങ്ങാതിരിക്കാൻ സകല കളികളും കളിച്ച് വംശീയ വെറിയനായ ഡൊണാൾഡ് ട്രംപ്
അമേരിക്കയുടെ തെരുവോരങ്ങൾ ആഘോഷ ലഹരിയിലായി. കോവിഡ് ഭീഷണിയെ തൃണവത്ഗണിച്ചും തെരുവുകളിൽ നൃത്തവും പാട്ടും തുടരുകയാണ്. വാഹനങ്ങൾ താളാത്മകമായി ഹോൺ മുഴക്കി ആഘോഷത്തിന് മാറ്റുകൂട്ടുന്നു.
അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതോടെ അന്തരീക്ഷത്തിലാകെ ആഹ്ലാദത്തിന്റെ ആരവം മുഴങ്ങുന്നു. പെൻസിൽവാനിയയിൽ നിർണ്ണായക വിജയം നേടിയതോടെ ഇന്നലെ രാവിലെ പ്രാദേശിക സമയം 11:25 നാണ് ബിഡൻ തന്നെ പ്രസിഡണ്ട് എന്ന് ഉറപ്പാക്കിയത്. ബൈഡന്റേയും കമലയുടെയും ചിത്രങ്ങൾ ആലേഖലം ചെയ്ത പതാകകൾ വീശി ആഹ്ലാദ പ്രകടനവുമായി ആരാധകർ ഉടൻ തന്നെ തെരുവിലിറങ്ങുകയായിരുന്നു.
എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും ബൈഡൻ അനുകൂലികളുടെ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ചിലയിടങ്ങളിൽ ട്രംപ് അനുകൂലികളും ബൈഡനെ അനുകൂലിക്കുന്നവരും തമ്മിൽ സംഘർഷവും ഉണ്ടായി. ലാൻസിങ്, മിച്ചിഗൻ എന്നിവിടങ്ങളിലാണ് വലിയ സംഘർഷങ്ങൾ ഉണ്ടായത്. ബൈഡൻ ആഘോഷിക്കുന്നത് വ്യാജ വിജയമാണെന്നും, തെരഞ്ഞെടുപ്പിൽ വൻതോതിൽ തട്ടിപ്പ് നടന്നെന്നുമാണ് ട്രംപ് അനുകൂലികൾ വാദിക്കുന്നത്.
ന്യുയോർക്കിലും മാൻഹട്ടനിലുമൊക്കെ ആഘോഷം പൊടിപൊടിക്കുമ്പോൾ, വീടുകളുടെയും മറ്റും ബാൽക്കണികളിലെത്തി നിരവധിപേർ കൈകൾ വീശി ആഘോഷത്തിന് ആവേശം കൂട്ടുന്നുണ്ടായിരുന്നു. ഇനിയും ഫലം പ്രഖ്യാപിക്കാത്ത അറ്റ്ലാന്റയിലും വലിയ ആഘോഷമാണ് നടക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കാൻ ഉറപ്പിച്ചിരിക്കുകയാണ് ട്രംപ്. ബൈഡന്റെ വിജയത്തെ അംഗീകരിക്കാത്തതുകൊണ്ടുതന്നെ, പാരമ്പര്യമായുള്ള കീഴ്‌വഴക്കമായ, പുതിയ പ്രസിഡണ്ടിനെ ഓവൽ ഓഫീസിലേക്ക് ക്ഷണിക്കുക എന്ന നടപടിക്ക് ട്രംപ് മുതിരില്ല എന്നറിയുന്നു.
ബൈഡനും, ബൈഡനെ പിന്താങ്ങുന്ന മാധ്യമങ്ങളും, വിജയമാഘോഷിക്കുവാൻ ധൃതി കൂട്ടുന്നതെന്തിനാണെന്ന് തനിക്കറിയാം എന്നായിരുന്നു ട്രംപ് ആദ്യം പറഞ്ഞത്. സത്യം പുറത്തുവരാതിരിക്കാൻ അവർ ശ്രമിക്കുന്നു. ചുരുക്കത്തിൽ, അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ഇനിയും പൂർത്തിയായിട്ടില്ല, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുകയാണ് ട്രംപ് ഇതിൽ, ജോർജ്ജിയയിൽ വീണ്ടും വോട്ടെണ്ണൽ ഉണ്ടാകും എന്നാണ് അറിയുന്നത്. ഇതുകൂടാതെ വിസ്‌കോൻസിൻ, അരിസോണ എന്നിവിടങ്ങളിലും വീണ്ടും വോട്ടെണ്ണണം എന്ന് ട്രംപ് ആവശ്യപ്പെടുന്നു.
എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വീണ്ടും വോട്ടെണ്ണൽ അനുവദിക്കുകയുള്ളു. മാത്രമല്ല, ഓരോ സംസ്ഥാനത്തും ഇതിനുള്ള വ്യവസ്ഥകൾ വ്യത്യസ്തമാണ് താനും. അതുകൊണ്ടു തന്നെ ട്രംപിന്റെ ആവശ്യം എത്രമാത്രം പരിഗണിക്കപ്പെടും എന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ, തിങ്കളാഴ്‌ച്ച മുതൽ നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങുകയാണെന്നാണ് ട്രംപ് ക്യാമ്പ് വ്യക്തമാക്കുന്നത്. സത്യസന്ധമായ തെരഞ്ഞെടുപ്പ്, അമേരിക്കയുടെ അവകാശമാണ്. സാധുതയുള്ള വോട്ടുകൾ മാത്രം എണ്ണുക, അല്ലാത്തവ തള്ളിക്കളയുക. ട്രംപ് തന്റെ നിലപാട് ആവർത്തിക്കുന്നു.
തട്ടിപ്പിന് കൂട്ടുനിന്നതിനാലാണ് റീകൗണ്ടിങ് ആവശ്യത്തെ ബൈഡൻ പിന്താങ്ങാത്തത് എന്നാണ് ട്രംപ് പറയുന്നത്. വിട്ടുകൊടുക്കരുതെന്നും, മരണം വരെ പോരാടണമെന്നും അച്ഛന് ഉപദേശവുമായി മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറും ഇതിനിടയിൽ രംഗത്തെത്തിയിട്ടുണ്ട്. പോരാട്ടവീര്യം ചോർന്ന് പോകാതെ അന്ത്യം വരെ പോരാടുവാൻ ട്രംപ് അനുകൂലികളെ ആഹ്വാനം ചെയ്യുന്നുമുണ്ട് ട്രം ജൂനിയർ.
മറുനാടന് മലയാളി ബ്യൂറോ