- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനാലിൽ വീണ നിതയെ കാറിൽ നിന്നും പുറത്തെടുത്തെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ ശ്രമം ഉപേക്ഷിച്ച് അമേരിക്കൻ ദമ്പതികൾ; രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തത് ഒന്നു രണ്ട് ചീങ്കണ്ണികളെ വെടിവെച്ചു കൊന്ന ശേഷം: അമേരിക്കയിലെ മലയാളി ഡോക്ടർ വിടവാങ്ങിയത് പാവപ്പെട്ടവർക്കായി വയനാട്ടിൽ ആശുപത്രി തുടങ്ങണമെന്ന സ്വപ്നം ബാക്കി വെച്ച്
ഉഴവൂർ: ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് വീണ് അമേരിക്കയിലെ മലയാളി ഡോക്ടർ മരിച്ചത് വളരെ ഞെട്ടലോടെയാണ് കേട്ടത്. 30കാരിയായ ഡോ. നിത കുന്നുംപുറത്ത് വിടവാങ്ങിയത് വലിയ ഒരു സ്വപ്‌നം ബാക്കി വച്ചാണ്. പഠനം പൂർത്തിയാക്കി വയനാട്ടിൽ എത്തണം. പാവപ്പെട്ടവർക്കായി ഇവിടെ ഒരു ആശുപത്രി തുടങ്ങണം. ഇതായിരുന്നു നിതയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. രണ്ട് വർഷമെങ്കിലും വയനാട്ടിൽ സൗജന്യമായി സേവനം നടത്തണമെന്ന് നിത തന്റെ പിതാവ് എ.സി. തോമസിനോടും തന്റെ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. എന്നാൽ സ്വപ്‌നങ്ങൾക്ക് ചിറക് മുളയ്ക്കും മുന്നേ തന്നെ നിത ലോകത്തോട് വിട പറയുകയായിരുന്നു.
അമേരിക്കൻ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു (ഇന്ത്യൻ സമയം വെള്ളിയാഴ്ച വൈകിട്ട് 6) രാജ്യത്തെ തന്നെ നടുക്കിയ അപകടം. നിതയുടെ കാർ നിയന്ത്രണം വിട്ട് ഫ്‌ളോറിഡയിലെ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് മറിയുകയായിരുന്നു. തൊട്ടുപിന്നാലെ കാറിൽ എത്തിയ അമേരിക്കൻ ദമ്പതികൾ ഡോക്ടറെ രക്ഷിക്കാൻ കനാലിൽ ഇറങ്ങി. നിതയെ പുറത്തെടുത്തെങ്കിലും ബോധം നഷ്ടപ്പെട്ട നിതയെ കരയ്‌ക്കെത്തിക്കുന്നതിനിടെ ചീങ്കണ്ണികൾ പാഞ്ഞെത്തി. കരയിൽനിന്ന അമേരിക്കക്കാരന്റെ ഭാര്യ ഇതുകണ്ട് അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ചു കരയ്ക്കു കയറി. ഇവർ വിവരമറിയിച്ചതനുസരിച്ചു പൊലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
മയാമിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. നിത, ഇല്ലിനോയ് ബെൻസൻവില്ലെയിലെ താമസസ്ഥലത്തുനിന്ന് നേപ്പിൾസിലേക്ക് ഒറ്റയ്ക്കു പോകുമ്പോഴായിരുന്നു അപകടം. നേപ്പിൾസിലെ പള്ളിയിലെ കുർബാനയിൽ പങ്കെടുത്തതിനു ശേഷം താമസസ്ഥലമായ ഇലിനോയ് ബെൻസിൻവില്ലയിലേക്കു മടങ്ങുംവഴിയാണ് അപകടമെന്നു പിതാവ് തോമസ് പറയുന്നു.കൽപറ്റ ഡി പോൾസ് ഹൈസ്‌കൂളിൽനിന്നു പത്താം ക്ലാസ് ജയിച്ചതിനു ശേഷമാണു നിത കുടുംബത്തിനൊപ്പം യുഎസിലേക്കു കുടിയേറിയത്.
മൂത്ത സഹോദരൻ നിതിൻ ഫാർമസിയിലും സഹോദരി നിമിഷ ഫിസിയോതെറപിയിലും ബിരുദമെടുത്തപ്പോൾ നിത മെഡിസിനിൽ ബിരുദത്തിനു ശേഷം സർജറിയിൽ ബിരുദാനന്തര ബിരുദത്തിനായി മയാമിയിലെ ആശുപത്രിയിലാണു ചേർന്നത്. ഇതോടെ കഴിഞ്ഞ ഡിസംബറിൽ മയാമിയിലേക്കു താമസം മാറ്റി. ചീങ്കണ്ണികൾ നിറഞ്ഞ കനാലിൽ നിതയുടെ മരണം യുഎസിലെ മാധ്യമങ്ങളിൽ വലിയ വാർത്തയായി. കാറിനരികിലേക്ക് ചീങ്കണ്ണി നീന്തി വരുന്ന വിഡിയോയും മാധ്യമങ്ങൾ പുറത്തുവിട്ടു. കാറിനു ചുറ്റും ചീങ്കണ്ണികൾ കൂടിനിന്നതു രക്ഷാപ്രവർത്തനത്തെ ബാധിച്ചു. വെള്ളത്തിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഒന്നു രണ്ടു ചീങ്കണ്ണികളെ വെടിവച്ചു കൊന്നതിനു ശേഷമാണ് രക്ഷാപ്രവർത്തകർക്ക് കനാലിൽ ഇറങ്ങാനായതെന്ന് പൊലീസ് പറയുന്നുമുണ്ട്.
ഫ്‌ളോറിഡയെയും നേപ്പിൾസിനെയും ബന്ധിപ്പിക്കുന്ന ഐ75 എക്സ്‌പ്രസ് ഹൈവേയുടെ വശങ്ങളിലാണ് കനാലുകൾ. ചീങ്കണ്ണികൾ നിറഞ്ഞ ഈ മേഖലയിൽ സുരക്ഷാ നിർദ്ദേശങ്ങളുണ്ട്. എക്‌സൈസിൽനിന്നു വിരമിച്ച എ.സി. തോമസ് 15 വർഷമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ്. ഇപ്പോൾ ഷിക്കാഗോയിൽ എൽമസിലാണ് താമസം. പത്താം ക്ലാസ് വരെ കേരളത്തിൽ പഠിച്ച നിത മയാമിയിൽ സർജറി പിജി വിദ്യാർത്ഥിയാണ്. സംസ്‌കാരം പിന്നീട് ഷിക്കാഗോ എസ്എച്ച് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. സഹോദരങ്ങൾ: നിതിൻ, നിമിഷ.