വാഷിങ്ടൺ: അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തിയതോടെ കമലാ ഹാരിസും കുടുംബവും ഇനി താമസിക്കുക വൈസ് പ്രസിഡന്റിന്റെ കൊട്ടാരത്തിലായിരിക്കും. നമ്പർ വൺ ഒബ്‌സർവേറ്ററി സർക്കിൾ എന്നാണ് വൈസ് പ്രസിഡന്റിന്റെ വസതി അറിയപ്പെടുന്നത്. വാഷിങ്ടണിൽ വൈറ്റ് ഹൗസിൽ നിന്ന് അധികം ദൂരയല്ലാതെ യുഎസ് നേവൽ ഒബ്‌സർവേറ്ററിക്കു സമീപമാണ് 19-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

തൂ വെള്ള നിറത്തിലുള്ള ഈ കൊട്ടാരം 12 ഏക്കർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. ഒബ്‌സർവേറ്ററി സൂപ്രണ്ടിനുവേണ്ടി 1893 ലാണ് ഇതു നിർമ്മിച്ചത്. വൈസ് പ്രസിഡന്റുമാർ അവരുടെ സ്വകാര്യ വസതികളിൽ തന്നെ താമസിക്കുകയും വാടകയ്ക്ക് കെട്ടിടം എടുക്കുന്നതുമായിരുന്നു പതിവെങ്കിൽ വാടകക്കെട്ടിടങ്ങളുടെ ഭീമമായ വാടക കുറയ്ക്കാൻവേണ്ടിയാണ് ഒബ്‌സർവേറ്ററി ക്ലിനിക്ക് ഔദ്യോഗിക വസതിയാക്കി മാറ്റാൻ തീരുമാനിച്ചത്.

മൂന്നു നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്വീകരണ ഹാൾ, സിറ്റിങ് റൂം എന്നിവയാണുള്ളത്. രണ്ടാം നിലയിൽ രണ്ടു കിടപ്പുമുറികളും പഠന മുറിയുമുണ്ട്. മൂന്നാം നില ജീവനക്കാർക്കുവേണ്ടിയാണു നീക്കിവച്ചതെങ്കിലും ഇപ്പോൾ വൈസ് പ്രസിഡന്റിന്റെ മക്കൾക്കു താമസിക്കാൻവേണ്ടിയുള്ള നാലു കിടപ്പുമുറികൾ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും മറ്റും താഴത്തെ നിലയിൽ തന്നെയാണ്.

1924 വരെ നാവികസേനയുടെ മേധാവി ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. 50 വർഷത്തിനു ശേഷം ഇത് വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായി മാറുകയായിരുന്നു. വാൾട്ടർ മൊണ്ടലും കുടുംബവുമാണ് ആദ്യം ഇവിടെ വൈസ് പ്രസിഡന്റായി താമസിക്കാൻ എത്തിയത്. 2008 മുതൽ 2016 അവസാനം വരെ ഇവിടെ ജോ ബൈഡനും കുടുംബവുമാണ് താമസിച്ചിരുന്നത്. ഇനി കമലയും കുടുംബവും ആയിരിക്കും ഇവിടെ താമസിക്കുക.

2017 ൽ പ്രസിദ്ധീകരിച്ച ' നമ്പർ വൺ ഒബ്‌സർവേറ്ററി സർക്കിൾ' എന്ന പുസ്തകം ഈ കെട്ടിടത്തിന്റെ കഥയാണു പറയുന്നത്. കാലാകാലങ്ങളിൽ കെട്ടിടത്തിനുണ്ടായ രൂപമാറ്റങ്ങളുടെ ചരിത്രവും. ഡാൻ ക്വെയ്ൽ എന്ന വൈസ് പ്രസിഡന്റാണ് ഇവിടെ നീന്തൽക്കുളം നിർമ്മിച്ചത്. അദ്ദേഹത്തിന്റെ കൊച്ചുമക്കൾ ഈ കുളം ഉപയോഗിച്ചിട്ടുമുണ്ട്. ബൈഡൻ ഇവിടെയുണ്ടായിരുന്ന കാലത്ത് മരത്തിന്റെ ചുവട്ടിൽ ഫലകം സ്ഥാപിച്ചിരുന്നു. 2010 ലെ വാലന്റൈൻസ് ദിനത്തിന്റെ ഓർമയ്ക്കുവേണ്ടിയായിരുന്നു അത്. പിന്നീട് ഒരു പൈതൃക പൂന്തോട്ടവും അദ്ദേഹത്തിന്റെ സംഭാവനയായി ഇവിടെ നിർമ്മിച്ചു.