സ്നേഹിക്കുന്ന മാതാപിതാക്കൾ, സുസ്ഥിരമായ ഒരു ഗൃഹാന്തരീക്ഷം, വലിയൊരു വീട്, കളിക്കാൻ നിറയേ സ്ഥലം, വലിയ സ്‌കൂളിലെ പഠനം, ജീവിതവിജയം നേടാൻ ഒരു ബാല്യത്തിന് ആവശ്യമായതൊക്കെ അനുഭവിച്ച് തന്നെയാണ് ഋഷി സുനാക് വളർന്നത്. എന്നാൽ അതിന് വഴിയൊരുക്കിയത് ആഫ്രിക്കയിലെ ഒരു കുഗ്രാമത്തിൽ വളർന്ന ഒരു പഞ്ചാബി സ്ത്രീയുടെ അസാമാന്യമായ ധൈര്യവും നിശ്ചയദാർഢ്യവുമായിരുന്നു.

വർഷങ്ങൾക്ക് മുൻപ് നല്ലൊരു ജീവിതം തേടി ടാൻസാനിയയിലേക്ക് കുടിയേറിയ ഒരു പഞ്ചാബി കുടുംബത്തിലാണ് ശ്രക്ഷയുടെ ജനനം. ഒരു കുഗ്രാമത്തിലെ കുടിലിൽ ബാല്യം കഴിച്ച അവർ സ്വാഹിലി പഠിച്ച്, സ്വയം ഒരു ആഫ്രിക്കക്കാരിയായി പരിഗണിച്ച് വളർന്ന ഒരു കുട്ടിയായിരുന്നു. എന്നാൽ, അപ്പോഴുമാ കുടുംബം, തങ്ങൾ പുറകിലുപേക്ഷിച്ചുവന്ന ഇന്ത്യയുമായിം, അവിടെയുള്ള ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു.പതിനാറാം വയസ്സി, പഞ്ചാബിൽ നിന്നും വന്ന്, ടാൻസാനിയയിൽ റെയിൽവേ എഞ്ചിനീയർ ആയി ജോലിചെയ്യുന്ന രഘുബീർ ബെറി എന്ന പഞ്ചാബി യുവാവിനെ അവർ വിവാഹം കഴിക്കുന്നു.

വിവാഹശേഷം, ശ്രക്കയുടെ നിർബന്ധപ്രകാരം, രഘുബീർ ആഫ്രിക്കയിൽ തന്നെ സ്ഥിരതാമസമാക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഡെപ്യുട്ടേഷൻ കഴിഞ്ഞ് തിരിച്ചുപോകാതെ, ടൻസാനിയയിൽ ടാക്സ് ഓഫീസർ ആയി ജോലി നേടി ആഫ്രിക്കയിൽ തുടരുന്നു. രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമാണ് അവർക്കുള്ളത്. എന്നും ഓക്സ്ഫോർഡും ഷേക്സ്പിയറും സ്വപ്നങ്ങളിൽ കൊണ്ടുനടന്നിരുന്ന ശ്രക്ഷയുടെ നിർബന്ധത്തിൽ 1960-ൽ ഈ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറുവാൻ തീരുമാനിക്കുകയായിരുന്നു. അന്ന് കുടിയേറ്റ നിയമങ്ങൾ ഇത്ര കർശനമായിരുന്നില്ല, എന്നാൽ, സമ്പത്തിക സ്ഥിതി ഒരു പ്രശ്നം തന്നെയായിരുന്നു.

നിശ്ചയദാർഢ്യത്തിന്റെ പര്യായമായ ശ്രക്ഷയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല, തന്റെ വിവാഹാഭരണങ്ങൾ ഉൾപ്പടെ എല്ലാം വിറ്റുപെറുക്കി അവർ ഒറ്റക്ക് ബ്രിട്ടനിലേക്ക് യാത്രയായി. തികച്ചും അനിശ്ചിതത്വം നിറഞ്ഞയാത്രയിലും അവരുടെ മനസ്സിലെ കെടാതെ നിന്നിരുന്നത്, ഒരുനാൾ തന്റെ ഭർത്താവിനേയും കുട്ടികളേയും തന്റെ കൂടെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന സ്വപ്നമായിരുന്നു.വരവേൽക്കാൻ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത ലണ്ടനിലെത്തിയ ശ്രക്ഷ, ലെസ്റ്ററിൽ ഒരു താമസസ്ഥലം വാടകയ്ക്ക് എടുത്ത് തന്റെ ജീവിതമാരംഭിച്ചു.

കണക്കിലെ പ്രാവീണ്യം കൊണ്ടുതന്നെ, ഒരു എസ്റ്റേറ്റ് ഏജന്റിന്റെ ഓഫീസിൽ ബുക്ക്-കീപ്പറായി ജോലിയിൽ പ്രവേശിച്ച അവർ, മുണ്ട് മുറുക്കിയുടുത്തും തന്റെ ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കാൻ തുടങ്ങി. ഇങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ, തന്റെ ഭർത്താവിനേയും കുട്ടികളേയും ലണ്ടനിൽ എത്തിക്കാൻ അവർക്കായി. ഒരേയൊരു മകളായ ഉഷ, ഏസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഫാർമക്കോളജി പഠിക്കാൻ ചേര്ന്നു. അവിടേ വച്ചാണ് മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന യശ്വീർ സുനാകിനെ പരിചയപ്പെടുന്നതും അത് വിവാഹത്തിൽ കലാശിക്കുന്നതും.

1977 ൽ ലെസ്റ്ററിൽ വച്ച് വിവാഹിതരായ ഇവർ പിന്നീട് സൗത്ത്ആമ്പ്ടണിലേക്ക് താമസം മാറ്റി. 1980 മെയ്‌ 12 നാണ് അവവർക്ക് ആദ്യ പുത്രൻ ജനിക്കുന്നത്. അവർ അവനെ പേരിട്ടു വിളിച്ചു, ഋഷി. ഔദ്യോഗിക രേഖകളിൽ ആ പേര് ഋഷി സുനാക് എന്നറിയപ്പെട്ടു. പിന്നീട് ഒരു കോവിഡ് കാലത്ത്, ബ്രിട്ടനെ അതിധീരം മുന്നോട്ട് നയിക്കുവാൻ എത്തിയ ധീരപോരാളിയായി ആ പേര് ബ്രിട്ടന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതപ്പെട്ടു..

അന്ന്, അയല്ക്കാർക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു യശ്വീറും ഉഷയും. ഫാമിലി ഡോക്ടറായ യശ്വീറും, സ്ഥലത്തെ ഒരു ഫാർമസിയിൽ മാനേജരായ ഉഷയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനായി അവിടെ അടുത്തുള്ള ഒരു ബംഗ്ലാദേശിയുടെ റെസ്റ്റോറന്റിൽ പോകുമായിരുന്നു. കുട്ടി മിയാ എന്ന ആ റെസ്റ്റോറന്റ് ഉടമസ്ഥൻ ആ കുടുംബത്തിന്റെ ഉറ്റ സുഹൃത്തുമായി മാറി. ജനിച്ച അന്നു മുതൽ തന്നെ ഋഷി സുനാകിനെ അറിയാമായിരുന്ന മിയ പറയുന്നത് കേൾക്കൂ, ''അവന്റെ പിതാവിനെ പോലെത്തന്നെ എല്ലാവരേയും ആകർഷിക്കുന്ന ഒരു പ്രഭാവം ഋഷിക്ക് ചെറുപ്പം മുതൽക്കേ ഉണ്ടായിരുന്നു. '' ഋഷിയുടെ ബാല്യകാല സുഹൃത്തുകൂടിയായ ഓല്ലി കേസ് പറയുന്നത് നഴ്സറിയിൽ ആദ്യ ദിവസം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കുട്ടിയായിരുന്നു ഋഷി എന്നാണ്. അവൻ പ്രധാനമന്ത്രിയാകുമെന്ന് അദ്ധ്യാപകർ പറയുമായിരുന്നു എന്നും ഒല്ലി പറയുന്നു.

സ്‌കൂൾ അവധിക്കാലത്ത് തന്റെ അമ്മയുടെ ഫാർമസി ബിസിനസ്സിൽ സഹായിച്ചുകൊണ്ടായിരുന്നു ഋഷി ബിസിനസ്സ് രംഗത്ത് പിച്ചവച്ചത്. സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ തങ്ങളുടെ ബിസിനസ്സിനെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാൻ തുടങ്ങിയതോടെ നാഷണൽ ഇൻഷുറൻസ്, വാറ്റ് തുടങ്ങിയവയിൽ വരുന്ന മറ്റങ്ങളെക്കുറിച്ചും കൂടുതൽ അറിയുവാനുള്ള താത്പര്യം ജനിച്ചു. മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾ ഇവയെ എങ്ങനെ വിലയിരുത്തുന്നു എന്ന് മനസ്സിലാക്കാനും ആരംഭിച്ചു,. ഇതായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള ആദ്യ കാൽവയ്പ്.

ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി വളർച്ചയുടെ പാരമ്യതയിലെത്തി നിൽക്കുന്ന കാലം. കൺസർവേറ്റീവ് പാർട്ടി അതിന്റെ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെ കടന്നു പോകുന്നു. അന്ന്, ഏതൊരു സാഹചര്യത്തിലും ഋഷിയെ പോലൊരു ചെറുപ്പക്കാരൻ രാഷ്ട്രീയത്തിൽ ഇറങ്ങുവാൻ കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുക്കില്ല.എന്നിട്ടും ഋഷി തെരഞ്ഞെടുത്തത് കൺസർവേറ്റീവ് പാർട്ടിയെ. വിദ്യാഭ്യാസത്തിന്റെ മൂല്യം, കഠിനാദ്ധ്വാനം തുടങ്ങിയ പലകാര്യങ്ങളിലും തന്റെ പിതാവ് പഠിപ്പിച്ച മൂല്യങ്ങളോട് അടുത്തു നിൽക്കുന്നത് കൺസർവേറ്റീവ് പാർട്ടിയായിരുന്നു എന്നതായിരുന്നു അതിന് കാരണം.

ഇതിനിടയിലാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രവേശനത്തിന് ശ്രമിക്കുന്നത്. മിക്ക വിദ്യാർത്ഥികളേയും പോലെ സാമ്പത്തികം ഒരു പ്രധാന പ്രശ്നമായി ഉയര്ന്നു വന്നു. അവിടെ രക്ഷക്കെത്തിയത് കുടുംബ സുഹൃത്തായ കുട്ടിമിയ തന്നെയായിരുന്നു. 1998 ലും 1999 ലും രണ്ട് വേനലവധിക്കാലങ്ങളിൽ ഋഷി കുട്ടി മിയയുടെ റെസ്റ്റോറന്റിൽ ജോലിചെയ്തു. അന്ന് ഋഷി അവിടെ ഒരു വെയിറ്റർ അല്ലായിരുന്നു മറിച്ച് ഒരു എന്റർടെയ്നർ ആയിരുന്നു എന്നാണ് കുട്ടി മിയ പറയുന്നത്. തികച്ചും സന്തോഷവാനായി ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾ മനസ്സിലാക്കി പെരുമാറാൻ ഋഷിക്ക് കഴിഞ്ഞിരുന്നു. കൂടെ അവരെ സന്തോഷിപ്പിക്കുവാനും.

പഠനശേഷ അമേരിക്കയിലെത്തി വർഷങ്ങളോളം ഇൻവെസ്റ്റ്മെന്റ് ബ്രോക്കറായി ജോലിചെയ്തതിനു ശേഷം തിരിച്ചെത്തിയിട്ടാണ് രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിക്കുന്നത്. അന്ന് നോർത്ത് യോർക്ക്ഷയറിലെ റിച്ച്മോണ്ട് മണ്ഡലത്തിൽ ദീർഘകാലം എം പി ആയിരുന്ന വില്യം ഹേഗ് തനിക്ക് വീണ്ടും മത്സരിക്കാനുള്ള താത്പര്യം ഇല്ലെന്നറിയിച്ച സമയം. അവിടെ ഒരു കൈ നോക്കുവാൻ ഋഷി തീരുമാനിച്ചു. അന്ന് ഋഷിയോടൊപ്പം സീറ്റിനായി മത്സരിച്ച സ്റ്റീഫൻ പർകിൻസൺ (ഇപ്പോൾ വൈറ്റ്ലി ബേയിലെ പാർക്കിൻസൺ പ്രഭു) പറയുന്നത് അനിതര സാധാരണമായ ബുദ്ധിവൈഭവമാണ് മത്സരത്തിൽ ഋഷി കാഴ്‌ച്ചവച്ചതെന്നാണ്.

സമ്മേളനത്തിനു ശേഷം ഇരുവരും ഒരുമിച്ചാണ് ലണ്ടനിലേക്ക് തിരിച്ചത്. ലണ്ടനിൽ ട്രെയിൻ ഇറങ്ങുന്നതിനു മുൻപ് തന്നെ താൻ ഋഷിക്ക് വോട്ടുചെയ്യാൻ തീരുമാനിച്ചതായി പാർക്കിൻസൺ പറയുന്നു. അപ്പോൽ പിന്നെ സെലക്ഷൻ കമ്മിറ്റിയുടെ കാര്യം പറയേണ്ടല്ലോ. അവർ ഐക്യകണ്ഠമായി തന്നെ സുനാകിനെ തെരഞ്ഞെടുത്തു. 2015 ലെ തെരഞ്ഞെടുപ്പിൽ 51 ശതമാനത്തിലേറെ വോട്ട് നേടിയാണ് ഋഷി സുനാക് ജയിച്ചത്.

പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. സമ്പദ്വ്യവസ്ഥയുടെ നടുവൊടിക്കാൻ എത്തിയ കൊറോണയെ നെഞ്ചുവിരിച്ചു നിന്ന് നേരിടുന്ന ചാൻസലർ ഇന്ന് ബ്രിട്ടീഷ് ജനതയുടെ പ്രിയപ്പെട്ടവനാണ്. തൊഴിൽ നഷ്ടവും, ലോക്ക്ഡൗൺ മൂലമുള്ള അടച്ചുപൂട്ടലുമൊക്കെ കാരണമായുള്ള ആഘാതത്തിന്റെ തീവ്രത കുറയ്ക്കുവാൻ ഋഷിയുടെ നയങ്ങൾക്ക് കഴിഞ്ഞു. താഴെ കിടയിലുള്ള തൊഴിലാളികൾ മുതൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ വമ്പന്മാർ വരെ ഇന്ന് പാടിപ്പുകഴ്‌ത്തുന്നത് ഋഷിയുടെ നയങ്ങളാണ്.

ഫർലോ പദ്ധതി പോലുള്ള വിവിധ പദ്ധതികൾ കൊണ്ട്, തൊഴിൽ നഷ്ടങ്ങൾ പരിമിതപ്പെടുത്തുവാനും, അതുമൂലം തൊഴിലാളികൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഇല്ലാതെയാക്കുവാനും കഴിഞ്ഞു. സ്വയം തൊഴിൽ കണ്ടെത്തിയവർക്കുള്ള ആശ്വാസ പാക്കേജുകൾ, ഏകദേശം മൃതപ്രായമായ റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള സ്റ്റാമ്പ് ഡ്യുട്ടി ഇളവ്, ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിക്ക് പുതുജീവൻ നൽകിയ ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട് പദ്ധതി തുടങ്ങിയവ, തകർന്നടിയുന്ന ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയെ, കൂടുതൽ തകരാതെ സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.

സാമ്പത്തിക കാര്യങ്ങൾ കൈകാര്യംചെയ്യുന്നതിലെ മികവ് കൊണ്ടുതന്നെ ഒരു ജനതയുടെ പ്രിയപ്പെട്ട നേതാവായി മാറിയ ഋഷി സുനാക് തന്നെയായിരിക്കും ഭാവിയിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന് കരുതുന്നവരുടെ എണ്ണം ബ്രിട്ടനിൽ ദിനംപ്രതി പെരുകുകയാണ്. നഴ്സറി സ്‌കൂളിലെ അദ്ധ്യാപകർ കളിയായി പറഞ്ഞതാണെങ്കിലും അത് അറംപറ്റുന്ന വാക്കുകളായി മാറുമോ എന്നറിയാൻ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹവും കാത്തിരിക്കുന്നു.