ഹാരി രാജകുമാരനിലൂടെ മേഗൻ മർക്കലിനു കിട്ടിയത് ആഗോള സെലിബ്രിറ്റി പദവി. അതുകൊണ്ടുതന്നെ മേഗൻ ഹാരിയെ കടിച്ചുതൂങ്ങിക്കിടക്കും. രാജകൊട്ടാരത്തെ കുറിച്ച് എഴുതുന്ന മുതിർന്ന എഴുത്തുകാരനും മജസ്റ്റി മാസികയുടെ എഡിറ്ററുമായ ഇൻഗ്രിഡ് സെവാർഡിന്റേതാണ് ഈ വെളിപ്പെടുത്തലുകൾ. തന്റെ പുതിയ പുസ്തകമായ ''ഫിലിപ്പ് രാജകുമാരൻ; ഈ നൂറ്റാണ്ടിന്റെ മനുഷ്യൻ: എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഇവർ ഈ അഭിപ്രായം തുറന്നു പറഞ്ഞത്.

2016 ജൂലായിൽ അവിചാരിതമായി ഹാരിയെ കണ്ടുമുട്ടുമ്പോൾ തന്നെ ഒരു നടി എന്ന നിലയിൽ അമേരിക്കയിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു മേഗൻ മാർക്കൽ. ജനപ്രീതി നേടിയ സീരിയലിലെ റേച്ചൽ സേയ്ൻ എന്ന കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന അവർക്ക് പക്ഷെ അമേരിക്കയ്ക്ക് പുറത്ത്, ആഗോളാടിസ്ഥാനത്തിൽ പ്രശസ്തി നേടിക്കൊടുത്തത് ഹാരി രാജകുമാരനുമായി ഡേറ്റിങ് ആരംഭിച്ചതിനു ശേഷമാണ്.

എന്നാൽ, ഹാരിയെ മേഗൻ പൂർണ്ണമായും മയക്കി എടുത്തിരിക്കുകയാണ്. അവർക്കൊപ്പം ഹാരി ഭൂമിയുടെ അറ്റം വരെയും പോകും എന്നാണ് താൻ വിചാരിക്കുന്നതെന്നും അവർ പറയുന്നു. രാജകീയതയുടെ മുഖമായി അവർ ഹാരിയെ കൂടെക്കൊണ്ടു നടക്കുകയാണെന്നും അവർ പറഞ്ഞു. ഹാരി ഇല്ലെങ്കിൽ, വെറുമൊരു നടി മാത്രമാണ് മേഗൻ. അതുകൊണ്ടുതന്നെ, ഹാരിയെ വിടാതെ പിന്തുടരുക മാത്രമാണ്, സെലിബ്രിറ്റി സ്റ്റാറ്റസ് നിലനിർത്താൻ മേഗനുള്ള ഒരേയൊരു വഴി. അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഇക്കാര്യം മനസ്സിലാക്കാൻ ഹാരിക്കായില്ല. അതയ്ക്കും വേഗത്തിലായിരുന്നു മേഗൻ പിടിമുറുക്കിയത്. അതിന്റെ ഫലമായി രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകളിൽ നിന്നും കഴിഞ്ഞ ജനുവരിയിൽ ഹാരിയും മേഗനും ഒഴിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ, അവർ സാമ്പത്തികമായി സ്വതന്ത്രരാകാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

ഇതിനെ തുടർന്ന് അമേരിക്കയിലേക്ക് മാറിയ ഇവർ ഈയിടെ നെറ്റ്ഫ്ളിക്സുമായി ഫിലിം നിർമ്മാണ കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മേഗന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കാൻ ഹാരി തത്രപ്പെടുകയാണെന്നാണ് സെവാർഡ് പറയുന്നത്.