വാഷിങ്ടൺ ഡി.സി: തെരഞ്ഞെടുപ്പിൽ വിജയിച്ച് വൈറ്റ് ഹൗസിൽ എത്തിയാൽ കോവിഡ് 19 എന്ന മഹാമാരിയെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയുമെന്ന് ബൈഡൻ. തെരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമായി വരുന്നുവെന്നറിഞ്ഞതോടെയാണ് ബൈഡൻ പാൻഡെമിനിക്കിനെ കുറിച്ച് തന്റെ നിലപാടെടുത്തത്.

അമേരിക്കൻ പ്രസിഡന്റ് പദവി ഏറ്റെടുത്താൽ ഉടൻ ഇതിനെതിരേ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാസ്‌ക് ധരിക്കുന്നതിന് നിർബന്ധിക്കണമെന്നും, സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബൈഡൻ പറഞ്ഞു.

ജനുവരി മുതൽ അമേരിക്കയിൽ പടർന്നുപിടിച്ച ഈ മഹാവ്യാധിയെ നിയന്ത്രിക്കുന്നതിനുള്ള വിവിധ വശങ്ങൾ പരിഗണിക്കുകയാകും ബൈഡൻ അഡ്‌മിനിസ്ട്രേഷന്റെ പ്രഥമ കർത്തവ്യമെന്ന് ബൈഡനോട് അടുത്തുള്ള വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

വലിയ സ്റ്റിമുലസ് ചെക്കുകൾ നല്കിയും, പരിശോധനകൾ വർധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയും കൂടുതൽ ആളുകളെ വീട്ടിൽ തന്നെ ഇരുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകും. അധികാരമേറ്റടുത്തശേഷം കോവിഡ് 19 നെതിരേയുള്ള വാക്സിനേഷൻ വിതരണവും വ്യാപകമാക്കും. പക്ഷെ ഇതെല്ലാം നടപ്പാക്കണമെങ്കിൽ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ നിയന്ത്രിക്കുന്ന ഗവർണർമാരുടെ സഹകരണം കൂടി ലഭിക്കേണ്ടതുണ്ട്.

നാഷണൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ബൈഡന്റെ നീക്കങ്ങൾ മുൻകൂട്ടി കണ്ട് അതിനെതിരേ രംഗത്തെത്തിയ ഗവർണർമാരും ഉണ്ട്. ബൈഡന്റെ ആദ്യ നാളുകൾ അത്ര ശുഭകരമായിരിക്കാൻ ഇടയില്ല.