സംസ്ഥാനത്തെ ബാലാവകാശ കമ്മീഷൻ ഒരുപാർട്ടി കമ്മീഷൻ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബാലാവകാശ കമ്മീഷൻ ഒരു ബാലസംഘം പോലെയും, DYFI , SFI പോലെയുമാണ് പ്രവർത്തിക്കുന്നത് . കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബാലാവകാശ കമ്മീഷൻ രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തി കുഞ്ഞു കുട്ടിയെ നൂറുകണക്കിന് മാധ്യമ പ്രവർത്തകരുടെയും ആളുകളുടെയും മുന്നിൽ വിളിച്ചിരുത്തി ചോദ്യങ്ങൾ ചോദിച്ചു. കുട്ടികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് പരിചയാക്കുന്നത് ബാലാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ടെൻഡറുകൾ ഇല്ലാതെയും ഓഡിറ്റിങ് ഇല്ലാതെയും കിഫ്ബിയുടെ പേരിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തുന്നത് വൻ വെട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി.യുടെ വൻ മുന്നേറ്റം മുന്നിൽ കണ്ട് സിപിഎം -കോൺഗ്രസ് -വർഗ്ഗീയ ശക്തികൾ രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുകയാണ് . സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നെറികെട്ട രാഷ്ട്രീയം മടുത്ത പതിനായിരങ്ങളാണ് അവരെ തള്ളി ദേശീയ പ്രസ്ഥനമായ ബിജെപി.യിലേക്ക് എത്തിച്ചേരുന്നത്. അതിന്റെ വിളറിയാണ് അവരെ ഈ നിലയിലേക്ക് എത്തിച്ചത്, അദ്ദേഹം പറഞ്ഞു. നവാഗതരെ പാർട്ടിയിലേക്ക് ചേർക്കുന്ന സ്വീകരണ യാത്രയിൽ ആലപ്പുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ സഞ്ജീവ് ഗോപാലകൃഷ്ണനടക്കം നിരവധി പ്രമുഖർ പാർട്ടിയിൽ ചേർന്നു. ജില്ലയിൽ അരൂർ മുതൽ കായംകുളം വരെ നടത്തിയ നവാഗത സ്വീകരണയാത്രയിൽ വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ട ആയിരത്തിലധികം ആളുകൾ പാർട്ടിയിൽ ചേർന്നു. ചേർത്തലയിലും അമ്പലപ്പുഴയിലും തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകൾ ഉത്ഘാടനം ചെയ്യുകയും കായംകുളത്ത് വികസന രേഖയും അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് ഗാനങ്ങളും അദ്ദേഹം പ്രകാശനം ചെയ്തു.

ബിജെപി. ജില്ലാ അദ്ധ്യക്ഷൻ എം വിഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനിദേവ്, ദക്ഷിണ മേഖലാ അധ്യക്ഷൻ കെ.സോമൻ, ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ജില്ലാ ഉപാധ്യക്ഷന്മാരായ എൽ.പി.ജയചന്ദ്രൻ, അഡ്വ.രൺജിത് ശ്രീനിവാസ്, സെക്രട്ടറി ശ്രീദേവി വിപിൻ തുടങ്ങിയവർ സംബന്ധിച്ചു.