- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുനൂറോളം പേരെ പങ്കെടുപ്പിച്ച് വിവാഹം; കയ്യോടെ പിടികൂടി കെസെടുത്ത് സെക്ടർ മജിസ്‌ട്രേട്ട്: മജിസ്‌ട്രേറ്റ് നേരിട്ടെത്തി പരിശോധന നടത്തിയത് തലേന്ന് 1000 പേരുടെ സദ്യ നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന്
ആലുവ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇരുനൂറോളം പെരെ പങ്കെടുപ്പിച്ച് നടത്തിയ വിവാഹം സെക്ടർ മജിസ്‌ട്രേറ്റ് നേരിട്ടെത്തി കയ്യോടെ പിടികൂടി. കീഴ്മാട് പഞ്ചായത്തിലെ തൂമ്പാക്കടവ് ഭാഗത്ത് നിരോധനാജ്ഞ ലംഘിച്ച് ആളുകളെ വിളിച്ചു കൂട്ടി നടത്തിയ വിവാഹമാണ് മജിസ്‌ട്രേറ്റ് കയ്യോടെ പൊക്കി കേസെടുത്തത്. ഗൃഹനാഥനോട് നാളെ പൊലീസ് ഇൻസ്‌പെക്ടറുടെയും ഹെൽത്ത് ഇൻസ്‌പെക്ടറുടെയും മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി.
വീടിനോടു ചേർന്നുള്ള പറമ്പിൽ പന്തലിട്ടാണു സദ്യ ഒരുക്കിയത്. ഈ സമയത്താണ് മജിസ്‌ട്രേറ്റ് എത്തിയത്. തലേന്നു രാത്രി 1000 പേരുടെ സദ്യ നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്നാണു സെക്ടർ മജിസ്‌ട്രേട്ട് എൻ.ഡി. ബിന്ദു പിറ്റേന്നു വിവാഹ ദിനത്തിൽ പരിശോധന നടത്തിയത്. അപ്പോൾ 200 പേരേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് ഗൃഹനാഥനോട് ഹാജരാകാൻ നോട്ടീസ് നൽകുക ആയിരുന്നു.
പഞ്ചായത്തിലെ ഹോളോ ബ്രിക്‌സ് നിർമ്മാണ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ അതിഥിത്തൊഴിലാളികളെ മാസ്‌ക് ധരിപ്പിക്കാതെ പണിയെടുപ്പിക്കുന്നതായും കണ്ടെത്തി. പിഴ അടയ്ക്കാൻ നിർദേശിച്ചു സ്ഥാപന ഉടമകൾക്കു നോട്ടിസ് നൽകി. ജില്ലയിൽ കോവിഡിന്റെ അതിതീവ്ര വ്യാപനം നടന്ന പഞ്ചായത്താണു കീഴ്മാട്. സമീപ പഞ്ചായത്തുകളേക്കാൾ മരണനിരക്കും ഇവിടെ കൂടുതലാണ്. ലോക്ഡൗൺ കാലത്തു കീഴ്മാടിൽ നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്ത ഒട്ടേറെപ്പേർ കോവിഡ് പോസിറ്റീവ് ആയിരുന്നു.