- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം നിരോധനവും മെക്സിക്കൻ മതിലും പ്രത്യേക ഉത്തരവിലൂടെ നീക്കം ചെയ്യും; ലോകാരോഗ്യ സംഘടനയിൽ പ്രുനപ്രവേശം; വെറുപ്പിന്റെയും വംശീയതയുടെയും പേരിൽ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കും; അധികാരമേറ്റാൽ ഉടൻ ട്രംപിന്റെ നിലപാടുകൾ തിരുത്താൻ ഒരുങ്ങി ബൈഡൻ
മനുഷ്യാവകാശത്തെ കുറിച്ചുള്ള അവബോധവും ജനാധിപത്യബോധവും വളരെയധികം ഉള്ള ഒരു കൂട്ടമായിട്ടാണ് ലോകം അമേരിക്കൻ ജനതയെ കണ്ടിരുന്നത്.ഈ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതായിരുന്നു കഴിഞ്ഞ നാല് വർഷങ്ങളായി ഡൊണാൾഡ് ട്രംപ് നടപ്പാക്കിയിരുന്ന പല നയങ്ങളും. വംശീയതയും കുടിയേറ്റ വിരുദ്ധതയും കുത്തിനിറച്ച പല നിയമങ്ങളും അമേരിക്കയുടെ യശസ്സിനു തന്നെ കളങ്കം ചാർത്തിയിരുന്നു. ഇവ അവതരിപ്പിക്കുന്ന സമയത്ത് തന്നെ അമേരിക്കയിൽ നിരവധി പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.
മാത്രമല്ല, എന്നും ലോകത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ മുന്നിൽ നിന്നിട്ടുള്ള രാജ്യമാണ് അമേരിക്ക. ഈ ഇടപെടലുകളാണ് ലോക പൊലീസ് എന്ന പേര് അമേരിക്കയ്ക്ക് നേടിക്കൊടുത്തത്. എന്നൽ, ഡൊണാൾഡ് ട്രംപ് ഇവിടെയും പാരമ്പര്യത്തിന് എതിരായി പ്രവർത്തിക്കുകയായിരുന്നു. കൂടുതൽ അമേരിക്കൻ കേന്ദ്രീകൃത ശൈലിയിലേക്ക് മാറിയ ട്രംപ്, തന്റെ പ്രവർത്തികൾ വഴി, ലോക രാഷ്ട്രീയത്തിൽ ചൈനയ്ക്ക് ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻവാങ്ങിയതുൾപ്പടെയുള്ള അമേരിക്കൻ നയങ്ങൾ, ലോകത്തിൽ നിന്നുംസ്വയം ഒറ്റപ്പെടാൻ മാത്രമാണ് അമേരിക്കയെ സഹായിച്ചത്.
കഴിഞ്ഞ നാല് വർഷങ്ങളായി പിന്തുടരുന്ന തെറ്റായ നയങ്ങൾ അപ്പാടെ നീക്കം ചെയ്യുവാനാണ് ബൈഡന്റെ ശ്രമം. ജനുവരിയിൽ, പ്രസിഡണ്ടായി ചുമതല ഏറ്റെടുത്താൽ ഉടൻ തന്നെ ഒരുകൂട്ടം എക്സിക്യുട്ടീവ് ഓർഡറുകളിലൂടെ ഡൊണാൾഡ് ട്രംപിന്റെ പല കടുത്ത തീരുമാനങ്ങളും ബൈഡൻ റദ്ദ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കുടിയേറ്റത്തിനെതിരായ നിലപാടായിരിക്കും ആദ്യം തിരുത്തുക. ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കുകയും കുട്ടികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ഭേദഗതികൾ റദ്ദു ചെയ്യുകയു ചെയ്യും.
അതുപോലെ പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പാരിസ് അക്കോർഡ്, ലോകാരോഗ്യ സംഘടന എന്നിവയിൽ അമേരിക്ക വീണ്ടും പ്രവേശിക്കും. ട്രംപിന്റെ കാലത്താണ് ഈ സംഘടനകളിൽ നിന്നും അമേരിക്ക പുറത്തുപോയത്. അതുപോലെ, തീർത്തും വ്യത്യസ്തമായ നയങ്ങളായിരിക്കും കോവിഡ് പ്രതിസന്ധിയെ നേരിടാൻ ബൈഡൻ ആവിഷ്‌കരിക്കുക. ഇതിന്റെ മുന്നോടിയായി മുൻ സർജൻ ജനറൽ വിവേക് മൂർത്തി ഉൾപ്പടെയുള്ള നിരവധി വിദഗ്ദരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കും എന്നാണ് അറിയുന്നത്.
അതുകൂടാതെ, മാസ്‌ക് ഗൗൺ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കുവാൻ ഒരു സപ്ലൈ കമാൻഡറേയും നിയമിക്കും. പാർലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിക്കുക എന്നത് ഇപ്പോഴും സംശയകരമായി ഇരിക്കുന്ന അവസ്ഥയിൽ ബൈഡൻ കൂടുതലായി എക്സിക്യുട്ടീവ് ഓർഡറുകളേയായിരിക്കും ആശ്രയിക്കുക. സെനറ്റിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, തന്റെ പ്രചാരണ കാലത്ത് വാഗ്ദാനം ചെയ്ത ചില സുപ്രധാന നിയമങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നു വരില്ല.
മറുനാടന് മലയാളി ബ്യൂറോ