മലപ്പുറം: ഒന്നര പതിറ്റാണ്ടു കാലത്തോളം ജിദ്ദയിൽ ജയിൽവാസം അനുഭവിച്ച് വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മലപ്പുറം തെന്നല സ്വദേശി കളംവളപ്പിൽ അലിയും അദ്ദേഹത്തിന്റെ കുടുംബവും. ഏതൊരു പ്രവാസിയെയും പോലെ നിരവധി പ്രതീക്ഷകളുമായി ഗൾഫിലേക്ക് പോയതായിരുന്നു അലി.

ടാക്സി ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലാണ് അലിയെ പൊലീസ് പിടികൂടുന്നത്. തന്റെ ടാക്സിയിൽ സഞ്ചരിച്ച രണ്ട് പാക്കിസ്ഥാൻ പൗരന്മാരിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയതോടെ 2005ൽ അലി ജയിലിലായി. മയക്കുമരുന്ന് കൈവശം വെച്ചതിന് പാക്കിസ്ഥാൻ സ്വദേശികൾക്ക് 25 വർഷം തടവും വാഹന സൗകര്യം ഏർപ്പെടുത്തിയെന്ന കാരണത്താൽ അലിക്ക് 15 വർഷം തടവും കോടതി ശിക്ഷ വിധിച്ചു. കേസിൽ അകപ്പെട്ടതോടെ സ്പോൺസറും അലിയെ കൈയോഴിഞ്ഞു. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ ആറ് വർഷങ്ങൾക്ക് മുമ്പാണ് അലിയുടെ ഇരു വൃക്കകളും തകരാറിലായത്.

പിന്നീട് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ നിന്നും ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്തി വരുന്നതിനിടയിൽ ബന്ധുക്കൾ മക്ക ഗവർണർക്ക് ദയാഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ 2019 ഏപ്രിലിൽ ജിദ്ദയിലെത്തിയ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കണ്ട് അലിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കാര്യങ്ങൾ ബോധിപ്പിച്ചു. സ്പീക്കർ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. തുടർന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ജയിലിൽ നിന്നും ജിദ്ദയിലെ ശുമൈസി ഡിപ്പോർട്ടേഷൻ സെന്ററിലേക്ക് അലിയെ മാറ്റുകയായിന്നു.

നോർക്കയും മുഖ്യമന്ത്രിയും സ്പീക്കറുമെല്ലാം ഇടപെട്ട് അലിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും നീണ്ട ജയിൽ വാസത്തിനിടയിൽ അലിയുടെ പാസ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടത് തിരിച്ചടിയായി. പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് അലിക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ അപ്പോഴേക്കും ലോകത്ത് കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയും യാത്രകൾക്ക വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

കോവിഡ് യാത്രാ വിലക്ക് മൂലം അലിയുടെ യാത്ര അനിശ്ചിതത്വത്തിലാവുകയും കോൺസുലേറ്റ് നൽകിയ എമർജൻസി സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുകയും ചെയ്തു. അലിയുടെ പ്രയാസങ്ങൾ അറിഞ്ഞ ജിദ്ദയിലെ സാമൂഹിക പ്രവർത്തകർ ഇന്ത്യൻ അംബാസിഡറുടെ ശ്രദ്ധയിൽപെടുത്തി. അദ്ദേഹം അലിയെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ ജിദ്ദ കോൺസുലേറ്റിലെ ആക്ടിങ് കോൺസുലർ ജനറൽ വൈ. സാബിറിന് നിർദ്ദേശം നൽകുകയും ചെയ്തു.

ഇവരുടെ ഇടപടെലിനെ തുടർന്ന് നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ അലിക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത് പിന്നെയും യാത്ര വൈകി. കോവിഡ് മുക്തനായി വീണ്ടും നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനിടെയുണ്ടായ ഒരു വീഴ്ചയിൽ അലിയുടെ തുടയെല്ല് പൊട്ടുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ഒന്നര മാസത്തോളം ആശുപത്രിയിൽ ചികിത്സ നടത്തിയ അലിയെ ഇപ്പോൾ നാട്ടിലെത്തിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ചയാണ് അലി നാട്ടിലെത്തിയ്ത്. ഒന്നര പതിറ്റാണ്ടിന് ശേഷം അലിയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും. അദ്ദേഹത്തിന്റെ തകരാറിലായ വൃക്കകൾ മാറ്റിവെക്കാനുള്ള ശ്രമങ്ങൾ നാട്ടുകാരും കുടുംബാംഗങ്ങളും ആരംഭിച്ചിട്ടുണ്ട്.