ഷിക്കാഗോ: 2018ൽ ശബരിമലയിലെ ആചാരലംഘനത്തിനുവേണ്ടി നിലകൊണ്ട സർക്കാർ ഇപ്പോൾ അത് വീണ്ടും ആവർത്തിക്കാനുള്ള ശ്രമാണ്. ഇതിനായി മണ്ഡലകാലം മുന്നിൽ കണ്ട്, ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങൾ തകർക്കുവാനുള്ള കേരള സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായി കൊണ്ട് വന്ന പുതിയ നിയമങ്ങളായ, പമ്പാനദിയിൽ കുളിക്കുവാൻ പാടില്ല, നെയ്യ് അഭിഷേകം ഒഴിവാക്കുക, ഗുരുസ്വാമിമാരെ ഒഴിവാക്കുക (50 വയസിനു മുകളിൽ ഉള്ളവർക്ക് ദർശനം പാടില്ല), വിരി വെക്കുവാൻ പാടില്ല, സന്നിധാനത്ത് എത്തിയാൽ ഇരുമുടികെട്ട് അധികാരികൾക്ക് നൽകുക തുടങ്ങിയ കരിനിയമങ്ങൾക്ക് എതിരെ ഷിക്കാഗോ ഗീതാമണ്ഡലം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മറ്റ് മതസ്ഥരുടെ വിശേഷദിനങ്ങളിൽ, അതാത് മതങ്ങളിലെ പുരോഹിതവർഗ്ഗത്തിന്റെ നിർദേശപ്രകാരം ആചാരങ്ങൾ നടത്തുവാൻ അനുവദിച്ച ഭരണകൂടം, ശബരിമലയുടെ കാര്യത്തിൽ മാത്രം ഏതാനും ഐ എ എസ് ഉദ്യോഗസ്ഥർ കൂടി ചേർന്ന് എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ഉദ്ദേശങ്ങൾ പകൽ പോലെ വ്യക്തമാണ്. ആചാരാനുഷ്ഠാനങ്ങളോടെയുള്ള ഒരു തീർത്ഥയാത്ര അസാധ്യമായിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ വ്രതാനുഷ്ഠാനങ്ങളോടെ സ്വന്തം വീടുകളിൽ ഇരുന്ന് അയ്യപ്പനെ വണങ്ങുകയാണ് വേണ്ടത് എന്ന സ്വാമി ചിദാനന്ദപുരിയുടെയും, അന്തർദേശീയ അയ്യപ്പമഹാസംഗമത്തിന്റെയും ആഹ്വനം ഏറ്റെടുത്ത് 'ഭവനം സന്നിധാനം' എന്ന ആശയം ഏറ്റെടുത്ത് വെർച്വൽ ആയി മണ്ഡലമകരവിളക്ക് സംഘടിപ്പിക്കുവാൻ ഷിക്കാഗോ ഗീതാമണ്ഡലം തീരുമാനിച്ചു.

ക്ഷേത്രസങ്കല്പങ്ങളെയും, ആചാരാനുഷ്ഠാനങ്ങളെയും തകർക്കുവാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ എന്ത് വിലകൊടുത്തും എതിർക്കുകയും, അതിനായി ധാർമ്മികമായ എല്ലാ സഹായങ്ങളും നൽകും എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ശബരിമലയെ തകർക്കുവാനോ, ശബരിമലയുടെ പവിത്രത തകർക്കുവാനോ ആരെയും അനുവദിക്കില്ല എന്നും വൃശ്ചിക പുലരി തൊട്ട് ലോകം മുഴുവനുള്ള അയ്യപ്പഭക്തരുടെ മനസ്സിൽ അയ്യപ്പ ഭക്തി നിറച്ചുകൊണ്ട് ഓരോ ഗൃഹവും മറ്റൊരു ശബരിമല സന്നിധാനം ആക്കി കൊണ്ട് ലോക നന്മക്കും ലോക ശാന്തിക്കുമായി ഈ വർഷത്തെ മണ്ഡല മകരവിളക്ക് കാലം ആഘോഷിക്കാം എന്ന് ഗീതാമണ്ഡലം ഡയറക്ടർ ബോർഡും അഭിപ്രായപ്പെട്ടു.