ഡെലവെയർ: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സ്ത്രീകളാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. നവംബർ ഏഴിന് ശനിയാഴ്ച വൈകിട്ട് ഡെലവെയറിൽ വച്ച് അമേരിക്കയുടെ നാൽപ്പത്താറാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ പ്രവർത്തകർക്ക് പരിചയപ്പെടുത്തുന്നതിനു മുമ്പ് നടത്തിയ ആമുഖ പ്രസംഗത്തിലാണ് കമലാ ഹാരിസ് കറുത്ത വർഗക്കാരായ സ്ത്രീകളെ വാനോളം പുകഴ്‌ത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത്. ആയിരങ്ങളാണ് ബൈഡൻ - ഹരിസ് വിജയാഘോഷങ്ങളിൽ പങ്കെടുത്തത്.

പലപ്പോഴും സ്ത്രീകൾ പരിഗണിക്കപ്പെടാതെ പോകുന്നുണ്ടെങ്കിലും ജനാധിപത്യത്തിന്റെ നട്ടെല്ല് സ്ത്രീകളാണെന്ന് തെളിയിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു 2020-ൽ അമേരിക്കയിൽ നടന്നതെന്ന് കമലാ ഹാരീസ് പറഞ്ഞു. തുല്യതയ്ക്കുവേണ്ടി പോരാടുന്ന സ്ത്രീകളുടെ വിജയംകൂടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു.

ആദ്യമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത എന്ന പദവി എനിക്ക് ലഭിച്ചുവെങ്കിലും, ഈ പദവിയിലെത്തുന്ന അവസാന വ്യക്തി താനായിരിക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു. ഇന്ന് എന്റെ പ്രസംഗം കേൾക്കുന്ന കുട്ടികൾ അവർ ഏതു വിഭാഗത്തിൽപ്പെടുന്നു എന്നുള്ളതല്ല, അവരുടെ ആഗ്രഹങ്ങൾക്ക് ചിറക് മുളയ്ക്കുന്ന ഒരവസരമായി മാറണം തന്റെ വിജയമെന്നും അവർ പറഞ്ഞു.

ബൈഡനോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തുന്നതിനും കമല മറന്നില്ല. ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാവിനെ കുറിച്ചും അവർ പരാമർശിച്ചു. പത്തൊമ്പതാം വയസിലാണ് ഹാരിസ് അമേരിക്കയിലെത്തുന്നത്. ഇന്നത്തെ സ്ഥിതിയിലേക്ക് തന്നെ ഉയർത്തിയ വോട്ടർമാരെ, പ്രത്യേകിച്ച് സ്ത്രീകളെ കമലാ ഹാരിസ് അഭിനന്ദിച്ചു.