കുമളി: 19 വർഷത്തിനുശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി എത്തുന്നു. ഭൂമിക്കടിയിലൂടെ കേബിൾ വലിച്ച് വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലികൾ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ ആരംഭിച്ചു. 1.65 കോടി രൂപ മുതൽമുടക്കിൽ ആറ് കിലോമീറ്ററോളം ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. കേബിൾ വഴി കണക്ഷൻ ആവശ്യപ്പെട്ട് തമിഴ്‌നാട് കെ.എസ്.ഇ.ബി. യിൽ ഒരു കോടി രൂപ അടച്ചു. എന്നാൽ, വനം വകുപ്പ് അനുമതി ഇപ്പോഴാണ് ലഭിച്ചത്. 2021 ജനുവരിയിൽ പണികൾ പൂർത്തിയാക്കാനാണ് പദ്ധതി.

വണ്ടിപ്പെരിയാർ വള്ളക്കടവിൽനിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് വന്യമൃഗങ്ങൾ ചാകുന്നത് പതിവായതോടെ 2001-ലാണ് വനം വകുപ്പ് ഇടപെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. കോതമംഗലം ആസ്ഥാനമായ കെ.എം.എ. പവർടെക് എന്ന സ്ഥാപനമാണ് കരാറുകാർ. ബാക്കിയുണ്ടായിരുന്ന 65 ലക്ഷം രൂപ തമിഴ്‌നാട് കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞ ദിവസം നൽകി.

കെ.എസ്.ഇ.ബി.ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഡി.മനോജ്, എക്സിക്യുട്ടീവ് എൻജിനീയർ എം.പാർവതി, അസി. എക്സിക്യുട്ടീവ് എൻജിനീയർ ഇ.സാമുവൽ എന്നിവർ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വനംവകുപ്പ് പ്രതിനിധികളായ പെരിയാർ കടുവാ സങ്കേതം അസി.ഫീൽഡ് ഡയറക്ടർ വിപിൻദാസ്, മുല്ലപ്പെരിയാർ ഡിവൈ.എസ്‌പി. നന്ദനൻപിള്ള, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ എം.സുകുമാരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു