ആലപ്പുഴ: പുതിയ സന്ന്യാസ സഭകൾ തുടങ്ങാൻ വത്തിക്കാന്റെ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കി. നേരത്തേ, സന്ന്യാസസഭ തുടങ്ങിയശേഷം അതത് രൂപതകളിലെ മെത്രാന്മാർ വിവരം വത്തിക്കാനെ അറിയിച്ചാൽ മതിയായിരുന്നു. ലത്തീൻസഭയുടെ കാനോനിക നിയമത്തിൽ മാറ്റംവരുത്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഭാവിയിൽ പൗരസ്ത്യസഭകൾക്കും ഇതു ബാധകമാകുമെന്നാണ് സഭാകേന്ദ്രങ്ങൾ കരുതുന്നത്.

മെത്രാൻസമിതികൾക്കും മെത്രാന്മാർക്കും പരമാവധി അധികാരങ്ങൾ കൊടുക്കുന്നയാളാണ് ഫ്രാൻസിസ് മാർപ്പാപ്പ. എന്നാൽ, ഇക്കാര്യത്തിൽ അധികാരം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. സന്ന്യാസസഭകൾ തുടങ്ങാനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് വത്തിക്കാൻ കരുതുന്നതിനാലാകാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. വത്തിക്കാനിൽനിന്ന് കൂടുതൽ ചോദ്യങ്ങളുണ്ടാകുമെന്നതിനാൽ പുതിയ സഭകൾ തുടങ്ങാൻ മെത്രാന്മാർ മടിക്കുമെന്നും കരുതുന്നു.

ലോകമെമ്പാടുമുള്ള പല സന്ന്യാസസഭകളെക്കുറിച്ചും ആക്ഷേപങ്ങളുണ്ടായിരുന്നു. ചുമതലപ്പെട്ടവർ ഇടയ്ക്ക് ഒഴിഞ്ഞുപോകുകയും സന്ന്യാസസഭയിലുള്ളവർ വഴിയാധാരമാകുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. കേരളത്തിൽ പ്രമുഖ സന്ന്യാസസഭയുടെ കോട്ടയം പ്രൊവിൻസിൽ അധികാരത്തർക്കവും ഗ്രൂപ്പുപോരുകളും തുടരുകയാണ്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ആരോപണമുന്നയിച്ചത് അവിടത്തെ ആദ്യ ബിഷപ്പ് സ്ഥാപിച്ച സന്ന്യാസസഭയായ മിഷനറീസ് ഓഫ് ജീസസി(എം.ജെ.)ലെ കന്യാസ്ത്രീകളാണ്.