തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം ഉയരുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ 133 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എലിപ്പനി ബാധയും മരണ നിരക്കും വളരെ കൂടുതലാണ്. മുൻവർഷം 1211 പേർക്ക് എലിപ്പനി ബാധിക്കുകയും 57 പേർ മരിക്കുകയും ചെയ്‌തെങ്കിൽ ഇക്കൊല്ലം നവംബർ ആദ്യവാരംവരെയുള്ള മരണസംഖ്യ 133 ആയി.

109 മരണങ്ങൾ എലിപ്പനിയെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചവരാണ്. രോഗം അന്തിമമായി സ്ഥിരീകരിക്കാനുള്ള 1677 പേർ അടക്കം 1930 പേർക്ക് കഴിഞ്ഞ പത്തുമാസത്തിനിടെ എലിപ്പനി പിടിപെട്ടു.ഇക്കൊല്ലം കോവിഡ് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനി ബാധിച്ചാണ്.

ആരോഗ്യസംവിധാനങ്ങൾ എല്ലാം കോവിഡിന് പുറകേ ആയതോടെ മുൻവർഷങ്ങളിലെപ്പോലെ ഇതര പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ല. എലിയുടെ മൂത്രംകലർന്ന വെള്ളത്തിലൂടെയും മറ്റും ശരീരത്തിലേക്ക് കടക്കുന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണമാകുന്നത്. തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ഇതിനുള്ള പ്രതിരോധമരുന്ന് വിതരണം മുൻവർഷങ്ങളിൽ നടന്നിരുന്നെങ്കിലും ഇക്കൊല്ലം അത് വിരളമായിരുന്നു.

ഡെങ്കിപ്പനി ബാധിച്ച് ഇക്കൊല്ലം 32 പേർ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. ഇതിൽ 27 പേരുടെ വിവരം രോഗം അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞവർഷം ഡെങ്കി ബാധിതർ 4651-ഉം മരണസംഖ്യ 14-ഉം ആയിരുന്നു. സാധാരണ പനിബാധിച്ച് ഇക്കൊല്ലം 25 പേരാണ് മരിച്ചത്. കഴിഞ്ഞവർഷത്തെ മരണസംഖ്യ 51 ആയിരുന്നു.